ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി ശ്രീദേവ് ഗോവിന്ദ്
Mail This Article
ചെറുപുഴ∙ കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാർഥി ശ്രീദേവ് ഗോവിന്ദിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ വച്ചു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു ശ്രീദേവ് ഗോവിന്ദൻ പുരസ്കാരം ഏറ്റുവാങ്ങി.
കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത പൊതുവിദ്യാലയങ്ങളുടെ മത്സരത്തിൽ കോവിഡ് കാല പ്രതിസന്ധികളെ ക്രിയാത്മകമാക്കി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാതൃകാ പ്രവർത്തനങ്ങളാണു റിയാലിറ്റി ഷോയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണു ഷോയിൽ പങ്കെടുത്തത്.
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പയ്യന്നൂർ ഉപജില്ലയിൽ നിന്നു പങ്കെടുത്ത ഏക പ്രൈമറി വിദ്യാലയമാണു ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂൾ. പൊതു വിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന റിയാലിറ്റി ഷോ കൈറ്റ് വിക്ടേഴ്സ് ചാനലിലാണു സംപ്രേഷണം ചെയ്തത്.
കോവിഡ് കാലത്തു കുട്ടികളുടെ വായനശീലം നിലനിർത്തനായി ആവിഷ്കരിച്ച പുസ്തക വണ്ടി, മികച്ച ലൈബ്രറി, കോവിഡ് സൃഷ്ടിച്ച പഠനവിടവ് നികത്തുന്നതിനു ആവിഷ്കരിച്ച "തിളക്കം" പദ്ധതി എന്നിവയാണു വിദ്യാലയത്തെ ഷോയിൽ മുന്നിലെത്തിച്ചത്. സാമൂഹിക പ്രതിബദ്ധതയിലൂന്നി നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സ്കൂൾ സജീവമായിരുന്നു.