കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പ്രതിഷേധം; രാത്രി പ്രവർത്തിക്കുന്നത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രം
Mail This Article
കണ്ണൂർ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി പ്രവർത്തിക്കുന്നത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രം. ഇന്നലെ തിരക്കേറിയിട്ടും പകരം സംവിധാനം ഏർപ്പാടാക്കാതെ അധികൃതർ നിസ്സംഗത പാലിച്ചതിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇത് സ്റ്റേഷനിൽ വൻ ബഹളത്തിനും പൊലീസിന്റെ ഇടപെടലിനും കാരണമായി. പ്രവർത്തിച്ച ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ നിന്നുള്ള യാത്രക്കാരുടെ നീണ്ടനിര റെയിൽവേ സ്റ്റേഷന് പുറത്തേക്ക് നീണ്ടിട്ടും റെയിൽവേ അധികൃതർ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.കൂടുതൽ പേർ വരിയിൽ ഉള്ളതിനാൽ ട്രെയിൻ വരുന്നതിനുസരിച്ച് ടിക്കറ്റ് ലഭിക്കാൻ മറ്റൊരു കൗണ്ടർ കൂടി പ്രവർത്തിക്കണമെന്ന് യാത്രക്കാർ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വയോധികർ ഉൾപ്പെടെ ഏറെ നേരം വരിയിൽ നിന്ന് വലഞ്ഞതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. തുടർന്ന് റെയിൽവേ പൊലീസും ആർപിഎഫും യാത്രക്കാരോട് ചർച്ച നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ടിക്കറ്റെടുക്കാൻ യാത്രക്കാരുടെ നീണ്ട നിര പതിവാണ്. കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തണമെന്ന് യാത്രക്കാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. സമയത്തിന് ടിക്കറ്റ് ലഭിക്കാത്തതിനാൽ യാത്രക്കാരും കൗണ്ടർ ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഇപ്പോൾ പതിവാണ്.