റഗുലേറ്റർ കം ബ്രിജ് വൈകരുതെന്ന് ആവശ്യം
Mail This Article
വട്ടോളി ∙ പ്രദേശത്തെയും സമീപത്തെയും ജലക്ഷാമത്തിനു പരിഹാരമായി വട്ടോളി കുയ്യലാട്ടെ കക്കുവ പുഴയിൽ റഗുലേറ്റർ കം ബ്രിജ് നിർമിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കണമെന്ന് ആവശ്യം. വട്ടോളി പുഴയും കുണ്ടേരിപ്പൊയിൽ പുഴയും സംഗമിക്കുന്ന സ്ഥലത്തിനു സമീപത്താണു ചെറുകിട ജലസേചന വകുപ്പ് റഗുലേറ്റർ കം ബ്രിജ് നിർമിക്കുന്നത്. പുഴയിലൂടെ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിർത്തി കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്ത് വെള്ളം കെട്ടിനിർത്തിയാൽ ഒട്ടേറെ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.
നിലവിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഇടമാണിത്. വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് കുയ്യലാട്ടെ ഇരുകടൽ പുഴയിൽ നിന്നാണ്. വേനൽകാലത്ത് പുഴയിലെ വെള്ളം താഴ്ന്നതോടെ നാട്ടുകാർ വ്യവസായ കേന്ദ്രത്തിലേക്കുള്ള പമ്പിങ് തടഞ്ഞിരിക്കുകയാണ്. റഗുലേറ്റർ നിർമാണം പൂർത്തിയാക്കുന്നതോടെ പമ്പിങ് പ്രശ്നത്തിനും പരിഹാരമാകും. കക്കുവ പ്പുഴയ്ക്കു കുറുകെ 50 മീറ്റർ നീളത്തിൽ റഗുലേറ്റർ കം ബ്രിജ് നിലവിൽ വന്നാൽ മുടപ്പത്തൂർ, കോയ്യാറ്റിൽ, വട്ടോളി, ചിറ്റാരിപ്പറമ്പ് പ്രദേശത്തുകാർക്ക് എളുപ്പത്തിൽ മാലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരാനാകും.
60 വർഷം മുൻപു നാട്ടുകാർ ഇവിടെ മരപ്പാലം നിർമിച്ചിരുന്നുവെങ്കിലും കാലപ്പഴക്കത്താൽ അതു തകർന്നു പോയി. ഇപ്പോൾ 5 കിലോമീറ്റർ ദൂരം ചുറ്റിയാണു സഞ്ചരിക്കേണ്ടത്. നിലയിൽ പുഴയുടെ ഇരുകരകളിലും ടാറിങ് നടത്തിയ റോഡുകളുണ്ട്.റഗുലേറ്റർ നിർമാണത്തിന്റെ ആദ്യ ഘട്ട സ്ഥലപരിശോധനയും മണ്ണ് പരിശോധനയും കഴിഞ്ഞിരുന്നു. പദ്ധതിയുടെ രൂപരേഖക്കായി ചെറുകിട ജലസേചന വിഭാഗം ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിന് അപേക്ഷ കൈമാറിയെന്ന് അധികൃതർ പറയുന്നു. റഗുലേറ്ററിന്റെ ഡിസൈൻ കിട്ടുന്നതോടെ പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കും.
പുഴയിലെ വെള്ളം തടഞ്ഞു നിർത്താൻ റഗുലേറ്ററിൽ മെക്കാനിക്കൽ ഷട്ടർ സംവിധാനമാണ് ഉണ്ടാകുക. മൂന്നര മീറ്റർ വീതിയിൽ വാഹനങ്ങൾക്കു കടന്നു പോകാൻ അനുയോജ്യമായ പാലമാണ് റഗുലേറ്റർ കം ബ്രിജിൽ ഉണ്ടാകുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ പദ്ധതി പ്രദേശത്ത് നാല് മീറ്ററോളം ഉയരത്തിൽ വെള്ളം സംഭരിക്കാൻ കഴിയും. കൂടാതെ മൂന്ന് കിലോമീറ്റർ ദൂരത്തോളം വട്ടോളി പുഴയിലെയും കുണ്ടേരിപ്പൊയിൽ പുഴയിലെയും വെള്ളം ഉയരും. പുഴയിൽ വെള്ളം ഉയർന്നാൽ പ്രദേശത്തെ 300 ഓളം വീടുകളിലെ കുടിവെള്ള പ്രശ്നങ്ങൾക്കും കൃഷിഭൂമിയിൽ വെള്ളം കിട്ടാത്ത കർഷകരുടെ ദുരിതത്തിനും പരിഹാരമാകും.