ADVERTISEMENT

ചെറുപുഴ ∙ ശുദ്ധജലം ഇല്ലാതായതോടെ ഭൂദാനം പട്ടികവർഗ ഊരിലെ ജനങ്ങൾ ദുരിതത്തിലായി. ജലക്ഷാമം പരിഹരിക്കാൻ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും തന്നെ പൂർണതയിൽ എത്തിക്കാനാൻ അധികൃതർക്കു സാധിച്ചിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു. ഊരിൽ 60ലേറെ കുടുംബങ്ങളുണ്ട്. നേരത്തെ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ നിന്ന് ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നു.

എന്നാൽ ഇന്ന് ഇതും കാര്യക്ഷമമല്ല. പദ്ധതി നടപ്പാക്കാൻ സ്ഥലം നൽകിയ ആൾ തന്നെ കൃഷി നനയ്ക്കാനും പന്നിയെ കുളിപ്പിക്കാനും മറ്റും വെള്ളം ചോർത്തുന്നുവെന്ന് ആരോപണമുണ്ട്. ഇയാൾക്കെതിരെ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയിട്ടും നടപടി എടുക്കാൻ തയാറാകുന്നില്ലെന്നും കോളനി നിവാസികൾ പറയുന്നു. ഏറ്റവും ഒടുവിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വീടുകളിൽ വെള്ളം എത്തിക്കുന്ന പദ്ധതിയും പാതിവഴിയിലാണ്.

വെള്ളം ഇല്ലാത്തതിനാൽ ഊരിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുകയാണ്. പ്രശ്നപരിഹാരത്തിനു നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.

‘അടിയന്തര നടപടി സ്വീകരിക്കണം’

ഭൂദാനം പട്ടികവർഗ ഊരിലെ ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു മാവിലൻ സമുദായ സംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇവിടുത്തെ കുടുംബങ്ങൾ മാസങ്ങളായി കുടിവെളളമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവിധ ജലവിതരണ പദ്ധതികൾ വിവിധ കാരണങ്ങളാൽ പരാജയപ്പെട്ടിരുന്നു.

പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ  ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ സമൂദായ സംഘം മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികളായ പി.ടി.ഗോപി, കെ.കെ.സുകുമാരൻ പ്രമീള പൂരക്കാരത്തി എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com