മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം; വിദഗ്ധ ഡോക്ടർമാരെത്തി പുഷ്പനെ പരിശോധിച്ചു
Mail This Article
തലശ്ശേരി ∙ സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ള പുഷ്‌പനെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘമെത്തി പരിശോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മെഡിക്കൽ സംഘം എത്തിയത്. മുഖ്യമന്ത്രിയും ആശുപത്രിയിൽ പുഷ്പനെ സന്ദർശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നെത്തിയ സംഘം പുഷ്പനെ ചികിത്സിക്കുന്ന സഹകരണ ആശുപത്രിയിലെ ഡോക്ടർമാരുമായി ചികിത്സാ വിവരങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾ നടത്തി. മൂത്രത്തിലെ പഴുപ്പും ചെവിയിലെ ബാലൻസ് നിയന്ത്രിക്കുന്ന അവയവത്തിന്റെ പ്രവർത്തന വൈകല്യം കൊണ്ട് ഉണ്ടാകുന്ന തലകറക്കവുമാണ് പുഷ്പന് ഇപ്പോഴത്തെ ആശുപത്രിവാസത്തിനു കാരണം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള മരുന്നുകൾ നൽകി വരുന്നുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ മെഡിക്കൽ ടീം പൂർണതൃപ്തി രേഖപ്പെടുത്തി. ഏതാനും ചില പരിശോധനകളും ചികിത്സകളും മെഡിക്കൽ ടീം നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ മെഡിക്കൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് മെഡിക്കൽ ടീം അറിയിച്ചു.മുഖ്യമന്ത്രിക്കൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവരും ഉണ്ടായിരുന്നു.