വെമ്പുഴ പാലത്തിൽ കൈവരി തകർത്ത് ലോറി പുഴയിലേക്ക് മറിഞ്ഞു
Mail This Article
എടൂർ∙ വെമ്പുഴ പാലത്തിൽ നിയന്ത്രണം വിട്ട ലോറി കൈവരികൾ തകർത്ത് പുഴയിലേക്ക് പതിച്ചു. ഡ്രൈവർ മട്ടന്നൂർ സ്വദേശി വിനോദ് (30) നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എടൂർ – അങ്ങാടിക്കടവ് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ അങ്ങാടിക്കടവ് ഭാഗത്ത് നിന്ന് എടൂർ വഴി പേരാവൂർ ഭാഗത്തേക്ക് മെറ്റൽ കയറ്റി പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്.
പാലത്തിൽ കയറിയ ഉടൻ എതിരെ വന്ന കാറിന് സൈഡ് കൊടുക്കാൻ ഒതുക്കിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നെന്നു ഡ്രൈവർ പറഞ്ഞു. അപകടം ഉണ്ടായ ഉടൻ ക്രെയിൻ കൊണ്ടുവന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും നിറയെ മെറ്റൽ ലോഡ് സഹിതം പുഴയിൽ കിടന്ന ലോറി കയറ്റാൻ സാധിച്ചില്ല. കൂടുതൽ ശേഷിയുള്ള ക്രെയിൻ എത്തിച്ചാണ് ലോറി ഉയർത്തിയത്.
ആശങ്കപ്പെട്ടതു സംഭവിച്ചു; റീബിൽഡ് കേരള റോഡിൽ അപകടം
എടൂർ മുതൽ പാലത്തിൻകടവ് 24.5 കിലോമീറ്റർ റോഡ് 128.43 കോടി രൂപ മുടക്കി റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി നവീകരിക്കുമ്പോൾ പാലങ്ങൾ പുനർനിർമിക്കാത്തത് അപകടം വിളിച്ചു വരുത്തലാകുമെന്നു നേരത്തേ വിമർശനം ഉയർന്നിരുന്നു. റോഡ് വീതി 11 മീറ്ററാക്കി നവീകരിക്കുന്ന പദ്ധതിയിൽ പാലങ്ങൾ ഉൾപ്പെടുത്താത്തതിനാൽ കുപ്പിക്കഴുത്ത് പോലെയാണ് ഇത്തരം സ്ഥലങ്ങൾ.
നല്ല വീതിയിൽ നവീകരിച്ച റോഡിലൂടെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലേക്ക് പെട്ടെന്നു പ്രവേശിക്കുമ്പോൾ എതിരെ വാഹനം വന്നാൽ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാമെന്നും അപകടങ്ങൾ സ്ഥിരം ആകുമെന്നും ആയിരുന്നു വിമർശനം. റോഡ് നവീകരിച്ച ശേഷം വെമ്പുഴ പാലത്തിൽ ഇന്നലെ ഇപ്രകാരം ആണ് ടിപ്പർ ലോറി അപകടത്തിൽ പെട്ടതെന്നാണു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.
പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ പെടുത്തിയുള്ള എടൂർ - കമ്പിനിനിരത്ത് - ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ - വളവുപാറ - കച്ചേരിക്കടവ് - പാലത്തുംകടവ് റോഡ് പണി ഓഗസ്റ്റിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പാലങ്ങൾ പുനർനിർമിക്കാത്ത അശാസ്ത്രീയതയ്ക്ക് പുറമേ പുതിയ കലുങ്കുകൾ പണിതതും വീതി കൂറച്ചാണ്. സംസ്ഥാനത്തെ പിടിച്ചുലച്ച 3 പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് റീബിൽഡ് കേരള റോഡ് പദ്ധതിക്ക് രൂപം നൽകിയത്.
പ്രളയം ഉണ്ടായാലും തകരാത്ത നിർമാണം ഉറപ്പാക്കുന്നതിനാണ് വലിയ തുക വകയിരുത്തിയത്. നിർദിഷ്ട റോഡിൽ പല സ്ഥലങ്ങളിലും പഴയ കലുങ്കുകളും നിലനിർത്തിയിട്ടുണ്ട്. കാലപ്പഴക്കത്തിന്റെ തകർച്ച കൂടി നേരിടുന്ന വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി, കോറ, ചരൾ, പുന്നക്കുണ്ട് പാലങ്ങൾ അടിയന്തരമായി റോഡ് വീതിയിൽ പുതുക്കി പണിയാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ റോഡ് പണി പൂർണമായും തീരുന്നതോടെ അപകട പാതയായി മാറാൻ സാധ്യത ഉണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക.