18 പൊലീസ് സ്റ്റേഷനുകളിലെ സന്ദർശക മുറികളുടെ ഉദ്ഘാടനം ഇന്ന് കേളകത്ത്
Mail This Article
കേളകം∙ സംസ്ഥാനത്തെ 18 പൊലീസ് സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെയും സ്ത്രീ സൗഹൃദ മുറിയുടെയും ഉദ്ഘാടനം കണ്ണൂർ റൂറലിന് കീഴിൽ വരുന്ന കേളകം പൊലീസ് സ്റ്റേഷനിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് നടത്തുന്ന പരിപാടിയിൽ വച്ച് പാലക്കാട് ജില്ലയിലെ പുതൂർ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ബേക്കൽ സബ് ഡിവിഷൻ പൊലീസ് കൺട്രോൾ റൂമിന്റെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിക്കും.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ക്രമസമാധാനം എഡിജിപി എം.ആർ.അജിത് കുമാർ തുടങ്ങിയവരും ഇന്നത്തെ പരിപാടികളിൽ പങ്കെടുക്കും. കണ്ണൂർ റൂറലിന് കീഴിലെ ആറളം, കരിക്കോട്ടക്കരി, കുടിയാൻമല, മാലൂർ, പയ്യാവൂർ, പൊലീസ് സ്റ്റേഷനുകളിലാണ് സന്ദർശക മുറികൾ തുറക്കുന്നത്. ഇരിക്കൂർ, പെരിങ്ങോം, ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനുകളിലാണ് സ്ത്രീ സൗഹൃദ മുറികൾ നടപ്പിലാക്കുന്നത്.