ADVERTISEMENT

കണ്ണൂർ∙ വേനൽ കടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മലയോരപ്രദേശങ്ങളിലും ജലലഭ്യത കുറഞ്ഞു. പലരും ഓട്ടോറിക്ഷകളിലും മറ്റും വെള്ളം വാങ്ങിക്കൊണ്ടുപോയാണ് വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഉപയോഗം കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ വാട്ടർ അതോറിറ്റി പല മേഖലകളിലെയും ജലവിതരണം വെട്ടിച്ചുരുക്കി. വേനൽമഴ ലഭിക്കാത്തതാണ് ഈ വർഷം ജലക്ഷാമം രൂക്ഷമാകാൻ കാരണം. മലയോര മേഖലകളിൽ ഒന്നോ രണ്ടോ തവണ ചെറിയ തോതിൽ മഴ പെയ്തെങ്കിലും ജലസ്രോതസ്സുകളിൽ വെള്ളം വളരെക്കുറവാണ്.

kannur-river-pollution
ഇനിയുമൊഴുകണം കാക്കത്തോട്... തളിപ്പറമ്പ് നഗരത്തിൽ നിന്നു കീഴാറ്റൂർ വയലുകളിലേക്ക് ഒഴുകിയെത്തിയിരുന്ന കാക്കത്തോടിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. മുൻപ് തളിപ്പറമ്പ് നഗരത്തിലെ ഓവുചാലുകളിൽ നിന്നുള്ള മലിനജലമായിരുന്നു കാക്കത്തോട്ടിലൂടെ കീഴാറ്റൂരിലേക്ക് ഒഴുകിയെത്തിരുന്നത്. ഇത് കർഷകർക്ക് വലിയ ദുരിതമായിരുന്നു. നെൽക്കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതിയായപ്പോൾ പാളയാട് മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാണ് പ്രശ്നത്തിനു ചെറിയ തോതിലെങ്കിലും പരിഹാരമായത്. എന്നാൽ, കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയപാത ബൈപാസ് നിർമാണം ആരംഭിച്ചതോടെ കാക്കത്തോട് മണ്ണിട്ട് മൂടപ്പെട്ടു. ഇതോടെ തോട്ടിലെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളും മാസങ്ങളായി കെട്ടിനിൽക്കുന്ന മലിനജലവും കീഴാറ്റൂരിനു ദുരിതമായി മാറിക്കഴിഞ്ഞു. ബൈപാസിനു കുറുകെ കൾവർട്ട് നിർമിച്ചെങ്കിലും സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.

ജലക്ഷാമം രൂക്ഷം

ചക്കരക്കൽ പ്രദേശത്ത് ചെമ്പിലോട് മെട്ട, പലേരി മെട്ട, കാപ്പാട്, മുഴപ്പാല ഭാഗങ്ങളിൽ വലിയ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പൈപ്പ് വെള്ളം മുടങ്ങുന്നതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. സ്വന്തമായി കിണർ ഇല്ലാത്ത കുടുംബങ്ങളാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.തലശ്ശേരി നഗരസഭ മൂന്നാം വാർഡിൽ മുള്ളൻകുന്നു ഭാഗത്തു കടുത്ത കുടിവെള്ള ക്ഷാമമാണ്. ഉയർന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും കിണറുകളില്ല. പൈപ്പ് വെള്ളം കൃത്യമായി ലഭിക്കാത്തതിനാൽ ആളുകൾ വെള്ളം ഓട്ടോറിക്ഷയിൽ മറ്റും എത്തിക്കുകയാണ്. നഗരസഭയുടെ കുടിവെള്ള വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. മട്ടന്നൂർ നഗരസഭയിൽ ഉയർന്ന പ്രദേശങ്ങളിലും വെള്ളം കിട്ടാക്കനിയാകുകയാണ്.

മണ്ണൂർ, നാലാങ്കേരി, പൊറോറ, കാര, കല്ലൂർ എന്നിവിടങ്ങളിൽ ക്ഷാമമുണ്ട്.മാലൂർ പഞ്ചായത്തിൽ ലോറിയിൽ ടാങ്കിൽ വെള്ളം കൊണ്ടു വന്നു വിതരണം തുടങ്ങി. കാഞ്ഞിലേരി, കക്കാട്ടുപറമ്പ് വാർഡുകളിലാണ് ഏറെ ക്ഷാമമുള്ളത്. കാഞ്ഞിലേരിയിൽ സ്വജൽ ധാര കുടിവെള്ള പദ്ധതിയുടെ കിണറിൽ വെള്ളം താഴ്ന്നതിനാൽ പമ്പിങ് മുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ പോലും വെള്ളം പമ്പുചെയ്യാൻ കഴിയുന്നില്ല. പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപ്പുവെള്ളമാണ് കിട്ടുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണമാണ് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ ആശ്വാസം.

വറ്റിവരണ്ട് ജലസ്രോതസ്സുകൾ

ചെറുപുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനിപ്പുഴയിലും തിരുമേനിപ്പുഴയിലും വെള്ളം തീരെക്കുറഞ്ഞതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമായി. തിരുമേനി പുഴ പൂർണമായും വറ്റിവരണ്ടു. തേജസ്വിനിപ്പുഴയുടെ ചില ഭാഗങ്ങളിൽ വെള്ളമില്ല. ഇതോടെ സമീപത്തെ കിണറുകളും വറ്റിത്തുടങ്ങി. തുടർച്ചയായി വേനൽ മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാകും.

വിതരണം കുറച്ച് ജല അതോറിറ്റി

കടുത്ത വരൾച്ചയിൽ ജലലഭ്യത കുറഞ്ഞതോടെ അഞ്ചരക്കണ്ടി–പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തിൽ പെരളശ്ശേരി വാട്ടർ സപ്ലൈ സബ് ഡിവിഷൻ നിയന്ത്രണമേർപ്പെടുത്തി. അഞ്ചരക്കണ്ടി, പിണറായി, വേങ്ങാട്, കതിരൂർ, എരഞ്ഞോളി, പെരളശ്ശേരി, കടമ്പൂർ, ചെമ്പിലോട്, മുഴപ്പിലങ്ങാട്, ചേലോറ സോൺ എന്നിവിടങ്ങളിലെ വിതരണം രണ്ടു ദിവസം ഇടവിട്ടു മാത്രമാക്കി.

കുടിവെള്ളം തേടി ആറളം

ആറളം ഫാം ആദിവാസി പുനരധിവാസ മേഖല കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. കോടികൾ മുടക്കിയുള്ള ജല നിധി കുടിവെള്ള പദ്ധതി ഉണ്ടായിട്ടും മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് തൊണ്ട നനയ്ക്കണമെങ്കിൽ ഒന്നുകിൽ പഞ്ചായത്തിൽ നിന്നുള്ള വെള്ളം വരുന്നതു വരെ കാക്കണം. അല്ലെങ്കിൽ കാട്ടാന ഭീഷണിയുള്ള വനത്തിനുള്ളിലെ ഓലിയിലെ നീരുറവയെ ആശ്രയിക്കണം. പുനരധിവാസ മേഖലയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ അധികൃതർക്കു കഴിഞ്ഞിട്ടില്ല. പല കുടുംബങ്ങളും കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളമെത്തിക്കുന്നത്. വെള്ളം ശേഖരിച്ച് വയ്ക്കാൻ പാത്രങ്ങളും മറ്റു സൗകര്യങ്ങളുമില്ലാത്തതും കുടുംബങ്ങൾക്ക് പ്രായസമുണ്ടാകുന്നുണ്ട്. 

വീടുകളിലേക്കുള്ള ശുദ്ധജല പദ്ധതിയുടെ കണക്‌ഷനുകൾ വേനലിനു മുൻപ് ശരിയാക്കിയിരുന്നെങ്കിൽ കുറെയേറെ കുടുംബങ്ങൾക്കു വെള്ളം ലഭിക്കുമായിരുന്നു. എന്നാൽ ഇതിനുള്ള ഒരു നടപടിയും ആദിവാസി പുനരധിവാസ മിഷനിൽ നിന്നോ ജലനിധി പദ്ധതി അധികൃതരിൽ നിന്നോ ഉണ്ടായിട്ടില്ല.മേഖലയിലെ ഒട്ടേറെ കുടുംബങ്ങളിൽ ജലനിധി പദ്ധതിയിലൂടെ വെള്ളം നൽകുന്ന വീട്ടുമുറ്റത്തെ പൈപ്പും ടാപ്പും കാട്ടാനക്കൂട്ടം നശിപ്പിച്ചു. 

കൊട്ടപ്പാറയിൽ കുടിവെള്ളം സംഭരിക്കുന്ന ടാങ്ക് തന്നെ ആന ചവിട്ടിപ്പൊളിച്ചു. ജലനിധി പ്രകാരം പുനരധിവാസ മേഖലിയിലെ പത്താം ബ്ലോക്കിന്റെ പകുതി ഭാഗങ്ങളിൽ മാത്രമാണ് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പൈപ്പ് വെള്ളം ലഭിക്കുന്നത്.പുനരധിവാസ മേഖല ഉൾപ്പെടുന്ന മറ്റെല്ലാ ബ്ലോക്കുകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളമെത്തുന്നത്. കുടിവെള്ളത്തിനായി കാട്ടാനഭീഷണി വകവയ്ക്കാതെ നീരുറവകൾ തേടി കാടുകയറുകയാണ് ഇവിടത്തെ ആദിവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com