ADVERTISEMENT

ഇരിട്ടി ∙ പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം. പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി. പാലത്തിൻകടവിൽ അര മീറ്റർ മുതൽ 1 മീറ്റർ വരെ വീതിയിലാണ് റോഡ് തകർന്നത്. 50 മീറ്ററോളം നീളത്തിൽ ടാറിങ്ങിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. ഓവുചാലിൽ കൂടി ഒഴുകാതെ റോഡിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. റോഡരികിൽ താമസിക്കുന്ന മിക്ക വീടുകളിലും കൃഷി സ്ഥലങ്ങളിലും ചെളി നിറഞ്ഞു.

പ്രളയ പുനർനിർമാണ പദ്ധതിയിൽപെടുത്തി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- ചരൾ- വളവുപാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡ് നിർമാണം ഇതോടെ വിവാദത്തിലും സംശയ നിഴലിലുമായി. 24.5 കിലോമീറ്റർ വരുന്ന റോഡ് 128.43 കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്. 2 വർഷം മുൻപ് നിർമാണം ആരംഭിച്ചപ്പോൾ മുതൽ ഈ പദ്ധതിക്കു പിറകെ വിവാദങ്ങളുമുണ്ട്.

സംസ്ഥാനപാതയുടെ നിലവാരത്തിലുള്ള ടാറിങ് വീതിപോലും ഇല്ലാത്ത ഈ റോഡിനായി വൻ തുക മുടക്കുന്നത് അഴിമതിക്കാണെന്നായിരുന്നു തുടക്കത്തിൽ ആക്ഷേപം. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വീണ്ടും പ്രളയം വന്നാൽ തകരാത്ത റോഡ് വേണം എന്ന കാഴ്ചപ്പാടിൽ വിദേശ സാങ്കേതികവിദ്യയോടെയാണു കെഎസ്ടിപി നേതൃത്വത്തിൽ റോഡ് പണിയുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. റോ‍ഡിന്റെ അടിത്തറ ഒരുക്കൽ, വീതി കൂട്ടൽ, പാർശ്വഭിത്തി നിർമാണം, ഓവുചാ‍ൽ നിർമാണം എന്നിങ്ങനെ എല്ലാ കാര്യത്തിലും പരാതി ഉയർന്നു.

റോഡിന്റെ വീതിക്ക് ആനുപാതികം അല്ലാത്ത കലുങ്കുകളാണു പണിതതെന്നും ആക്ഷേപമുണ്ട്. പ്രദേശവാസികളിൽ നിന്നു സമാനതകളില്ലാത്ത പ്രതിഷേധമാണ് ഉയരുന്നത്. റീബിൽഡ് കേരള റോഡിൽ പാലത്തിൻകടവ് പള്ളിക്ക് എതിർവശത്ത് ടാറിങ് ഒലിച്ചുപോയ സംഭവം വിവാദമാവുകയും ജനരോഷം ശക്തമാകുകയും ചെയ്തതോടെ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തി അടച്ചു. മെറ്റൽ നിറച്ചു ഉപരിതലം നന്നാക്കിയതിനാൽ ഒറ്റനോട്ടത്തിൽ ടാറിങ് ഒലിച്ചുപോയത് പുതിയതായി കാണുന്നവർക്ക് തിരിച്ചറിയാനാകില്ല.

പ്രദേശവാസികൾ പ്രതിഷേധത്തിൽ

ഇരിട്ടി∙ പ്രളയത്തിൽ തകരാതിരിക്കാൻ വൻ തുക ചെലവഴിച്ചു നിർമാണം അന്തിമഘട്ടത്തിൽ എത്തിയ റോഡ് ആ‌ദ്യ വേനൽ മഴയിൽ തന്നെ ഒലിച്ചു പോയെന്ന ആരോപണത്തിൽ അണപൊട്ടിയതു വൻ ജനരോഷം. 2 ദിവസം മുൻപത്തെ മഴയിലാണു അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡിൽ തകർച്ച ഉണ്ടായത്. പാലത്തിൻകടവിൽ ടാറിങ് അടിത്തറ അടക്കം ആണു ഒലിച്ചുപോയെന്ന് നാട്ടുകാർ പറയുന്നു. 2 വർഷം മുൻപ് റോഡ് പണി ആരംഭിച്ചതു മുതൽ നിർമാണത്തിലെ അപാകതകൾ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ്.

കിലോമീറ്ററിന് 5.24 കോടി രൂപ പ്രകാരം വകയിരുത്തിയ റോഡിൽ കച്ചേരിക്കടവിൽ 650 മീറ്റർ ദൂരം ഒരു പണിയും ചെയ്യാതെ അവശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് 2 ആഴ്ച മുൻപ് നാട്ടുകാർ റോഡ് പണി തടഞ്ഞിരുന്നു. യുക്തിക്കു നിരക്കാത്ത മറുപടിയാണു കരാറുകാർ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും ഓരോ സമയവും നൽകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മഴയിൽ റോഡ് ഒലിച്ചുപോയതിനെത്തുടർന്നു  2 ദിവസത്തേക്ക് ഗതാഗത തടസ്സം ഉണ്ടായി. 

ജനപ്രതിനിധികൾ സന്ദർശിച്ചു

സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മരി റെജി, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, പാലത്തിൻകടവ് പള്ളി വികാരി ഫാ, ജിന്റോ പന്തലാനിക്കൽ, കമ്മിറ്റി അംഗം ഷിബോ കൊച്ചു വേലിക്കകത്ത് എന്നിവർ റോഡ് സന്ദർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com