ബൈപാസിലെ സ്വകാര്യ ആശുപത്രിക്ക് സമീപം: വാൻ മറിഞ്ഞ് 21 പേർക്കു പരുക്ക്
Mail This Article
ചാല ∙ ബൈപാസിലെ ചാല സ്റ്റേഷൻ സ്റ്റോപ് മുതൽ നടാൽ വരെ വാഹനയാത്രയും കാൽനടയാത്രയും ഭീതിയിൽ. ദേശീയപാതാ വികസന പ്രവൃത്തികൾ നടക്കുന്നതു കാരണം ബൈപാസിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങളിൽ നിലവിലെ റോഡ് സൗകര്യം ഏറെ കുറഞ്ഞതായി യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നു. വീതിയുള്ള ബൈപാസ് റോഡ് ചാല അമ്പലം സ്റ്റോപ്പിൽ എത്തുമ്പോൾ കുപ്പിക്കഴുത്ത് പോലെയായതും ഭീഷണിയാണ്. ഇവിടെ ഏറെ വാഹനാപകടങ്ങൾ നടക്കുന്നുണ്ട്.
കാൽനടക്കാരെ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങളും പതിവാണ്. ബൈപാസിലെ ആശുപത്രികൾക്കു സമീപം ദേശീയപാത നിർമാണം ഭാഗമായ ക്രമീകരണം വാഹനാപകടങ്ങൾ പതിവാക്കുന്നതായി പരാതിയുണ്ട്. തിങ്കളാഴ്ച രാത്രി 7.30നു തൃശൂരിൽ നിന്നു മലബാറിലേക്കു ക്ഷേത്ര സന്ദർശനത്തിനായി എത്തിയ തീർഥാടക സംഘം സഞ്ചരിച്ച വാൻ ഇവിടെ മറിഞ്ഞിരുന്നു. നടാൽ ഭാഗത്തേക്കു പോകുന്ന കാറിൽ കണ്ണൂർ ഭാഗത്തേക്കു പോകുന്ന വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്.
വാനിലുണ്ടായിരുന്ന 21 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. 21 പേരും സ്ഥലത്തെ 2 ആശുപത്രികളിൽ നിന്നു പ്രാഥമിക ചികിത്സ തേടി. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ബൈപാസിൽ ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണങ്ങൾ അപകടം ഉണ്ടാക്കുന്നുവെന്ന പരാതിയിൽ ഇത്തരം സ്ഥലങ്ങളിലെ പ്രവൃത്തികൾ വേഗം പൂർത്തിയാക്കാൻ ദേശീയപാതാ അതോറിറ്റി തീവ്രശ്രമം നടത്തുന്നുണ്ട്.
ചാല അമ്പലം സ്റ്റോപ്പിൽ റോഡിനു വീതി കുറഞ്ഞതു കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ മേൽപാലം തൂണുകളുടെ പൈലിങ് പ്രവൃത്തികളും തൂൺ കോൺക്രീറ്റ് പ്രവൃത്തികളും വേഗം പൂർത്തീകരിച്ച് റോഡിനു വീതി കൂട്ടാനുള്ള ശ്രമം തുടങ്ങിയിരുന്നു. ക്വാറി സമരം കാരണം കോൺക്രീറ്റിനു വേണ്ട അസംസ്കൃത വസ്തുക്കൾക്കു ക്ഷാമം നേരിട്ടിരിക്കുകയാണ്. ഇതു കാരണം പ്രവൃത്തികൾ നിലച്ച അവസ്ഥയിലാണ്.