ADVERTISEMENT

പയ്യന്നൂർ ∙ സംസ്ഥാനത്തെ ഏക ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജ് മിക്സ്ഡ് പോളിടെക്നിക് കോളജിന് വഴിമാറുന്നു. കോളജ് അധികൃതരും എംഎൽഎയും ഉൾപ്പെടെ ഉന്നയിച്ച ആവശ്യം പരിഗണിക്കാമെന്ന് കോളജിൽ അഡ്മിനിസ്ട്രേറ്റീവ് കം ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഡോ.ആർ.ബിന്ദു പ്രഖ്യാപിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഉത്തര കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണിത്. 1991ലാണ് പ്രവർത്തനം തുടങ്ങിയത്.

മന്ത്രി ഡോ. ആർ.ബിന്ദുവിനെ പയ്യന്നൂർ വനിത പോളിടെക്നിക് കോളജിലേക്ക് സ്വീകരിക്കുന്നു.
മന്ത്രി ഡോ. ആർ.ബിന്ദുവിനെ പയ്യന്നൂർ വനിത പോളിടെക്നിക് കോളജിലേക്ക് സ്വീകരിക്കുന്നു.

3 വർഷ ഡിപ്ലോമ കോഴ്സുകളിലായി കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് തുടങ്ങിയ നാലു ബ്രാഞ്ചുകളിലായി 240 സീറ്റുകളാണ് ഉള്ളത്. 10 സീറ്റ് വർധന സാധ്യതയുമുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച വിജയശതമാനം നിലനിർത്തിപ്പോകുന്ന ഈ സ്ഥാപനത്തിൽ 80 ശതമാനത്തിലേറെ വിദ്യാർഥികൾക്കും പ്രതിവർഷം കേരളത്തിനകത്തും പുറത്തുമായുള്ള വിവിധ കമ്പനികളിലായി പ്ലേസ്മെന്റ് ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ സീറ്റുകൾ പൂർണമാക്കാൻ കഴിയുന്നില്ല. ഒരു വിഭാഗത്തിൽ ഈ വർഷം 15 കുട്ടികൾ മാത്രമാണ് ചേർന്നത്. ആദ്യമൊക്കെ ഈ സ്ഥാപനത്തിൽ സീറ്റിന് വലിയ ഡിമാൻഡായിരുന്നു. കോവിഡ് കാലം വലിയ പ്രയാസങ്ങളില്ലാതെ സ്ഥാപനം കടന്നു പോയി. സംസ്ഥാന തലത്തിൽ തന്നെയുള്ള വിദ്യാർഥിനികളാണ് ഇവിടെ പ്രവേശനം തേടിയെത്തിയത്. താമസിച്ച് പഠിക്കാനുള്ള സൗകര്യമുള്ളതിനാൽ മറ്റ് ജില്ലക്കാരാണ് ഇത് ഏറെ പ്രയോജനപ്പെടുത്തിയത്.

ജില്ലയിലെ കുട്ടികൾ കൂടുതൽ ഉണ്ടെങ്കിലും പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള കുട്ടികൾ ഈ സ്ഥാപനത്തിലേക്ക് കടന്നു വരുന്നില്ല. തലശ്ശേരി, കൂത്തുപറമ്പ്, വടകര മേഖലകളിൽ നിന്നാണ് കൂടുതൽ കുട്ടികളും എത്തുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുള്ള കുട്ടികൾ ഇപ്പോഴും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വരാൻ മടിക്കുന്നു എന്നാണ് സ്ഥാപന അധികൃതർ പറയുന്നത്. കോവിഡിന്റെ വരവോടെ തെക്കൻ കേരളത്തിൽ നിന്നുള്ള കുട്ടികളുടെ വരവ് കുറഞ്ഞു. താമസിച്ച് പഠിക്കാനുള്ള കുട്ടികളുടെ താൽപര്യം കുറഞ്ഞതും ഈ സ്ഥാപനത്തെ സാരമായി ബാധിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ നൽകിയെങ്കിലും പുതിയ കോഴ്സുകളൊന്നും അനുവദിക്കാനോ കാലോചിതമായ മാറ്റം വരുത്താനോ സർക്കാരും തയാറായില്ല. 32 വർഷം മുൻപുള്ള 4 കോഴ്സുകളാണ് ഇപ്പോഴുമുള്ളത്. അന്ന് അനുവദിച്ച 4 കോഴ്സുകളിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്ന കോഴ്സിന് വനിതകൾക്ക് തൊഴിൽ സാധ്യത കുറവാണെന്നു പറയപ്പെടുന്നു. ഈ വിഭാഗത്തിൽ ഈ വർഷം 15 കുട്ടികൾ മാത്രമാണ് ചേർന്നത്. അതുകൊണ്ട് തന്നെ കോഴ്സുകളെ കുറിച്ചുള്ള പരിശോധനയും ആവശ്യമാണ്.

പുതിയ കോഴ്സുകൾക്ക് വർഷങ്ങളായി പിടിഎയും എംഎൽഎ ഉൾപ്പെട്ട ജനപ്രതിനിധികളും ശ്രമം നടത്തുന്നു. എന്നാൽ അഖിലേന്ത്യ തലത്തിലുള്ള അക്രഡിറ്റേഷൻ ലഭിക്കാത്തതിനാൽ പുതിയ കോഴ്സുകൾ ലഭിക്കുന്നില്ല. ഓരോ വർഷവും കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആൺകുട്ടികൾക്കും പ്രവേശനം നൽകി സ്ഥാപനം നിലനിർത്താനുള്ള ശ്രമം നടത്തുന്നത്. സർക്കാർ തലത്തിൽ എടുക്കേണ്ട നയപരമായ തീരുമാനമായതിനാൽ ഇതിന് സമയമെടുക്കും.

6 കോടി രൂപ ചെലവഴിച്ചു നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് കം ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന് മുന്നിൽ കോളജ് അധികൃതർ ഈ ആവശ്യം ഇന്നലെ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. പുതിയ അധ്യയന വർഷം ഈ പോളിടെക്നിക് കോളജ് ആൺകുട്ടിക്ക് മുന്നിലും തുറന്നിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോളജ് അധികൃതർ. ഒപ്പം പുതിയ കോഴ്സുകൾ ലഭിക്കുമെന്ന പ്രതീക്ഷയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com