ADVERTISEMENT

കണ്ണൂർ ∙ കന്റോൺമെന്റുകളെ സൈനിക താവളങ്ങളാക്കി മാറ്റാനും ഈ മേഖലയിലെ സാധാരണക്കാരെ കന്റോൺമെന്റ് ബോർഡിനു പകരം തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിനു കീഴിൽ ഉൾപ്പെടുത്താനുമുള്ള നീക്കം സാധാരണക്കാർക്കു ഗുണകരമാകുമെന്നു പ്രതീക്ഷ. നിലവിൽ ജനാധിപത്യ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയിലാണ് കന്റോൺമെന്റ് പ്രദേശത്തെ ജനജീവിതം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും ഗുണഫലം ഇവർക്കു ലഭിക്കുന്നില്ല. 

അമിത നിയന്ത്രണങ്ങൾ കാരണം പൊറുതിമുട്ടിയായിരുന്നു കന്റോൺമെന്റ് മേഖലയിലെ സാധാരണക്കാരുടെ ജീവിതം. അവർക്കു സ്വാതന്ത്ര്യം കിട്ടുന്ന നടപടിയെ സ്വാഗതം ചെയ്യുന്നു. നടപടികൾ പൂർത്തിയായാൽ ഈ മേഖലയ്ക്കു കൂടി ഗുണകരമാകുന്ന തരത്തിൽ കോർപറേഷൻ പദ്ധതികൾ നടപ്പാക്കും.

കെട്ടിട നിർമാണത്തിനുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം പുതിയ വീട് നിർമിക്കാനോ നിലവിലുള്ളവ അറ്റകുറ്റപ്പണി നടത്താനോ പോലും സാധിക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു. നിലവിലെ കെട്ടിടങ്ങൾക്ക് 30 ശതമാനം വരെ നികുതി വർധിപ്പിച്ചതും ജനത്തിനു ദുരിതമായി. കന്റോൺമെന്റ് പരിധിക്കകത്തു സാധാരണ ജനങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള റോഡ് ടാർ ചെയ്യാനും വികസിപ്പിക്കാനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഫണ്ടിൽ നിന്നു തുക അനുവദിക്കാമെന്ന് അറിയിച്ചിട്ടും കന്റോൺമെന്റ് അനുമതി നൽകിയിരുന്നില്ല.

സൈനിക താവളമാക്കി മാറ്റുന്നതോടെ സാധാരണക്കാർ താമസിക്കുന്ന ഇടങ്ങൾ കോർപറേഷൻ പരിധിയിലേക്കു മാറും. കന്റോൺമെന്റ് ബോർഡ് ഭരണം അവസാനിക്കുകയും ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഹിമാചലിലെ യോൽ കന്റോൺമെന്റാണ് ആദ്യം ഇല്ലാതാവുക. 

കേരളത്തിലെ ഏക കന്റോൺമെന്റ്

രാജ്യത്തെ 64 കന്റോൺമെന്റുകളെയും സേനാത്താവളങ്ങളാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നടപ്പാവുന്നതോടെ കണ്ണൂർ കന്റോൺമെന്റും ഇല്ലാതാകും. 1938ൽ ബ്രിട്ടിഷ് കാലഘട്ടത്തിലാണു കണ്ണൂർ കന്റോൺമെന്റ് രൂപീകരിച്ചത്. 500 ഏക്കറോളം ഭാഗത്ത് 400 ഏക്കറോളം സേനാസന്നാഹങ്ങളും സേനാംഗങ്ങളും കുടുംബാംഗങ്ങളുമാണു താമസിക്കുന്നത്. 100 ഏക്കറോളം ഭാഗത്താണു സാധാരണ ജനങ്ങൾ താമസിക്കുന്നത്.

കന്റോൺമെന്റ് ബോർഡിൽ നിലവിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഇല്ലാത്തതിനാൽ ഏകാധിപത്യ രീതിയിലാണു കാര്യങ്ങൾ നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നു മുൻപ് ബോർഡിന് ഗ്രാ‌ന്റ് ലഭിച്ചിരുന്നു. എന്നാൽ ഇത് ഇല്ലാതായതോടെ കനത്ത നികുതി ചുമത്തിയാണ് ബോർഡ് വരുമാനം കണ്ടെത്തുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അമൃത് പദ്ധതിയുടെ പ്രയോജനം പോലും കന്റോൺമെന്റ് മേഖലയിലുള്ളവർക്കു ലഭിക്കുന്നില്ല. കോർപറേഷന്റെ ഭാഗമാകുന്നതോടെ സാധാരണ ജനജീവിതം സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കന്റോൺമെന്റ് ബോർഡിനാണ് ഇവിടെ പ്രാദേശിക ഭരണ ചുമതലയെങ്കിലും ബോർഡ് തിരഞ്ഞെടുപ്പ് പലപ്പോഴും അനിശ്ചിതമായി വൈകി നടക്കുന്നതിനാൽ ഇവരുടെ ജനാധിപത്യ അവകാശങ്ങളെല്ലാം തടസ്സപ്പെടുന്ന സ്ഥിതിയായിരുന്നു. 2015 ജനുവരി 11നായിരുന്നു അവസാനം തിരഞ്ഞെടുപ്പ് നടന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച് ഏപ്രിൽ 30നു തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com