വെള്ളിക്കീൽ പാർക്കിൽ പാഴായതു കോടികൾ
Mail This Article
തളിപ്പറമ്പ് ∙ ടൂറിസം പദ്ധതികൾ പാടേ തകർന്ന വെള്ളിക്കീൽ ഇക്കോ പാർക്കിൽ ടൂറിസം വകുപ്പ് മുഖേന സർക്കാർ മുടക്കിയതു കോടികൾ. ഇവിടെ സ്ഥാപിച്ച 109 സോളർ വിളക്കുകൾ തകർന്നതിലൂടെ തന്നെ 1.5 കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതു വരെയായി എത്ര തുകയാണ് ഇവിടെ മുടക്കിയതെന്ന് ജില്ലാ ടൂറിസം വകുപ്പിനും പറയാനാവാത്ത അവസ്ഥയാണ്. വെള്ളിക്കീൽ ഇക്കോ പാർക്കിന്റെ ദുരിതാവസ്ഥയെ കുറിച്ച് കഴിഞ്ഞദിവസം മനോരമ വാർത്ത നൽകിയതിനെ തുടർന്ന് ഇത്തരം കെടുകാര്യസ്ഥതക്കെതിരെ വിവിധ മേഖലകളിൽ നിന്നു പ്രതിഷേധമുയരുന്നുണ്ട്.
എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അധികൃതർക്കും പാർക്കിന്റെ ദുരവസ്ഥയെക്കുറിച്ച് പ്രതികരണമില്ലാത്ത അവസ്ഥയാണ്. വെള്ളിക്കീൽ പാർക്ക് ആരംഭിച്ച ശേഷം മുഖ്യ ആകർഷണമായി സ്ഥാപിച്ച 109 സോളർ വിളക്കുകളും കോവിഡ് കാലത്താണ് തകർക്കപ്പെട്ടതെന്ന് ഡിടിപിസി അധികൃതർ മനോരമയോടു പറഞ്ഞു. ഇതിന്റെ വിലയേറിയ ബാറ്ററികൾ കളവ് പോവുകയും ചെയ്തിരുന്നു. ഇതിൽ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.
റോഡരികിൽ നിർമിച്ച ഒരു കരിങ്കൽ ഗോപുരം വാഹനമിടിച്ചു തകർന്നതിനും കേസ് നടക്കുകയാണ്. ഇവിടെ നിർമിച്ച ബെഞ്ചുകളും മറ്റും തുരുമ്പെടുത്ത് പോയിട്ടുണ്ട്. റോഡിന് ഇരുവശത്തുമായാണ് പാർക്ക് സ്ഥിതി ചെയ്യുന്നതെന്നതിനാൽ ടിക്കറ്റ് വച്ച് പ്രവേശനം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. മറ്റു വരുമാന മാർഗങ്ങളും ഇവിടെ നിന്നു കണ്ടെത്താൻ സാധിക്കുന്നില്ലെന്നും ഡിടിപിസി അധികൃതർ പറയുന്നു.
വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ടുകൾ ഉൾപ്പെടെയുള്ളവ ആരംഭിക്കാമെന്നു വച്ചാൽ ഇത്തരത്തിലുള്ള പുഴയോരങ്ങൾ സ്വകാര്യ വ്യക്തികളുടേതാണെന്നും അധികൃതർ പറയുന്നു. വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ച് ലീസിനു നൽകിയതും ഫലവത്തായിട്ടില്ല. ഇത്തവണ സംസ്ഥാന ബജറ്റിൽ അനുവദിച്ച 8 കോടി രൂപ ഉപയോഗിച്ച് പുതിയ പദ്ധതികൾ ആരംഭിക്കാമെന്നാണു കരുതുന്നത്. എന്നാൽ, ഇവിടെ ചിലവാക്കിയ കോടികൾ പാഴായി പോയതിനെക്കുറിച്ച് ആർക്കും ഉത്തരമില്ലാത്ത അവസ്ഥയാണ്.