ADVERTISEMENT

കൊട്ടിയൂർ ∙ തിരുവോണം ആരാധനാപൂജയിലും പാലമൃത് അഭിഷേകത്തിലും സംപ്രീതനായ കൊട്ടിയൂർ പെരുമാളുടെ തിരുനടയിൽ ഇന്നാണ് ഇളനീർ വയ്പ്. നാല് ആരാധനാ പൂജകളിൽ ആദ്യ പൂജകളാണ് ഇന്നലെ സന്നിധാനത്തിൽ നടത്തിയത്. ആരാധനാ പൂജ ദിനത്തിൽ ഇന്നലെ പൊന്നിൻ ശീവേലിയും ആരാധന സദ്യയും നടത്തും. സന്ധ്യക്കാണ് ആരാധനാ പൂജ നടത്തിയത്. ഈ പൂജയിൽ പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. ഇത്തവണ ദേവസ്വം തന്നെയാണ് പാലമൃത് സമർപ്പിച്ചത്. പൂർണ രൂപത്തിൽ മത്തവിലാസം കൂത്തും അലങ്കാര വാദ്യങ്ങളും തിരുവോണം നാളിൽ ആരംഭിച്ചു.

വൈഖോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്പ് ഇന്നു രാത്രി നടത്തും. വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്നലെ പുറപ്പെട്ടു. ഇന്നു സംഘം കൊട്ടിയൂരിലെത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെള്ളി ക്ടാരം വയ്ക്കുകയും ചെയ്താൽ ഇളനീർ വയ്പിന് രാശി വിളിക്കും. ഇതോടെയാണ് ഇളനീർ വയ്പ് ആരംഭിക്കുക.

വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്രവേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേനടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. മന്ദംചേരിയിലെ ബാവലിക്കരയിൽ രാശി വിളിക്കായി കാത്തിരിക്കുന്ന ഇളനീർ വ്രതക്കാർ പുഴയിലിറങ്ങി ഇളനീർകാവുമായി മുങ്ങി നിവർന്ന് സന്നിധാനത്തിലേക്ക് ഓടിയെത്തിയാണു സമർപ്പണം നടത്തുക. തട്ടും പോളയും പടച്ച സ്ഥാനത്തെ 3 വലംവച്ച ശേഷം ഇളനീർ കാവുകൾ സമർപ്പിച്ചാൽ വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചുപോകും. തണ്ടയാൻമാരാണ് അവകാശപ്രകാരം ഇളനീർ വയ്ക്കുക. പ്രക്കൂഴം നാളിൽ ഇതിനുള്ള വ്രതം തുടങ്ങി. ഇവർ നേരത്തെ തന്നെ വിവിധ കഞ്ഞിപ്പുരകളിൽ താമസിച്ച് കഞ്ഞിപാർച്ചയും മുക്കിചെനയും നടത്തി വരികയാണ്. 

 ഇന്നലെ മുതൽ ഇവരുടെ സംഘങ്ങൾ കൊട്ടിയൂരിലേക്ക് എത്തിത്തുടങ്ങി. ഒരു കാവിൽ ഇരുഭാഗത്തുമായി ആറ് ഇളനീരുകളാണുണ്ടാകുക. എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും ഇന്നു സമർപ്പിക്കും. ഇളനീർ വയ്പ് പൂർത്തിയായാൽ ഏറ്റവും ഒടുവിലായാണു എണ്ണ സമർപ്പണം നടത്തുക. കത്തി തണ്ടയാൻമാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിക്കും. നാളെ രാത്രിയാണ് ദൈവം വരവും ഇളനീരാട്ടവും. നാളെ ഉച്ചക്ക് അഷ്ടമി ആരാധനയും നടത്തും.

ഇന്നത്തെ പൂജകളും ചടങ്ങുകളും

∙ രാവിലെ നിർമാല്യം നീക്കി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം–വെള്ളിക്കുടം സമർപ്പണം. പന്തീരടി പൂജ, ആയിരംകുടം അഭിഷേകം, അത്താഴ പൂജ, ശീവേലി, ഇളനീർ വയ്പ്, ശ്രീഭൂതബലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com