കച്ചേരിക്കടവിൽ അരികുകെട്ട് വിണ്ടു; 3 വീടുകൾ കൂടുതൽ ഭീഷണിയിൽ
Mail This Article
ഇരിട്ടി∙ അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ് നിർമാണത്തിൽ കച്ചേരിക്കടവ് വളവുപാറയിൽ നാട്ടുകാർ നൽകിയ അപകട മുന്നറിയിപ്പ് തള്ളിയതു വിനയായി. അരിക് കെട്ട് വിണ്ടു. ഇതോടെ താഴ്‌വശത്ത് താമസിക്കുന്ന 3 വീടുകൾ കൂടുതൽ അപകട ഭീഷണിയിലായി. ജനപ്രതിനിധികളും റോഡ് കമ്മിറ്റി ഭാരവാഹികളും വിളിച്ചു വരുത്തിയതിനെ തുടർന്നു സ്ഥലത്ത് എത്തിയ കരാർ പ്രതിനിധികൾ പ്ലാസ്റ്റിക് ഷീറ്റ് പുതപ്പിച്ച് വിള്ളലിൽ വെള്ളം ഇറങ്ങാതിരിക്കാനുള്ള ശ്രമം നടത്തി.
കച്ചേരിക്കടവ് വളവുപാറയിൽ റോഡ് പണിയിലെ അശാസ്ത്രീയത മൂലം മേഴ്സി കണിപ്പറമ്പിൽ, ലില്ലി പാലവിള, ജോൺസൺ താന്നിക്കൽ എന്നീ കുടുംബങ്ങൾ അപകട ഭീഷണിയിലാണെന്നു മലയാള മനോരമ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും ആശങ്ക അറിയിച്ചിരുന്നു. പാർശ്വഭിത്തിയുടെയും കലുങ്കിന്റെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതായിരുന്നു കാരണം.
പിന്നീട് വീടുകൾക്കു മുകൾവശത്തുള്ള ഭാഗം പാർശ്വഭിത്തി കെട്ടിയെങ്കിലും മതിയായ വിധം അടിത്തറ ബലപ്പെടുത്തിയിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. ഈ പാർശ്വഭിത്തി കെട്ടിന്റെ ഉൾവശത്താണു മണ്ണിൽ വിള്ളൽ കണ്ടെത്തിയത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, റോഡ് കമ്മിറ്റി കൺവീനർ സജീവൻ കോയിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, ബിജോയി പ്ലാത്തോട്ടം, റോഡ് കമ്മിറ്റി അംഗങ്ങളായ വിൽസൺ കുറുപ്പംപറമ്പിൽ, ഡാർജി കപ്പലുമാക്കൽ, ജോബിഷ് നരിമറ്റം എന്നിവർ സ്ഥലത്തെത്തി റോഡ് നിർമാണ പ്രവൃത്തി നടത്തുന്നവരെ വിളിച്ചു വരുത്തി. അടിയന്തരമായി അപകടാവസ്ഥ പരിഹരിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് താൽക്കാലികമായി പ്ലാസ്റ്റിക് ഇട്ടു മൂടിയത്. 24.45 കിലോമീറ്റർ റോഡ് 128.43 കോടി രൂപ മുടക്കി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന പ്രളയ പുനർനിർമാണ പദ്ധതി തുടക്കം മുതൽ വിവാദത്തിലാണ്.