ചെളിക്കുണ്ട് കടന്നെത്താമോ?
Mail This Article
കൊളച്ചേരി ∙ പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശം ചെളി നിറഞ്ഞു മലിനമായി. കമ്പിൽ ബസാറിൽ കൊളച്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള ഇരുനില കെട്ടിടത്തിന്റെ മുൻവശമാണു മലിനമായി നിലകൊള്ളുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗവ.ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളും പഞ്ചായത്ത് വായനശാലയും പ്രവർത്തിക്കുന്നത്. ഒരു ഭാഗത്തു ശുചിമുറി ഉണ്ടെങ്കിലും വർഷങ്ങളായി ഉപയോഗശൂന്യമാണ്. രണ്ടാമത്തെ നിലയിലാണ് പഞ്ചായത്ത് സാംസ്കാരിക നിലയം.
കെട്ടിടത്തിനു മുൻപിലാണ് ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. മയ്യിൽ, ചാലോട് പ്രധാന റോഡിനോടു ചേർന്നുള്ള താഴ്ന്ന പ്രദേശത്താണു കെട്ടിടം നിലകൊള്ളുന്നത്. റോഡിൽ ഓവുചാൽ ഇല്ലാത്തതിനാൽ കമ്പിൽ ബസാറിലെ മലിനജലവും ചെളിയും ഒഴുകിയെത്തി കെട്ടിനിൽക്കുന്നത് കെട്ടിടത്തിനു മുൻപിലാണ്. ചെളി നിറഞ്ഞ വെള്ളത്തിൽ സമീപത്തെ മരങ്ങളിൽ നിന്ന് ഇലകൾ വീണടിഞ്ഞതു മൂലം പരിസരം ദുർഗന്ധപൂരിതവുമാണ്.
ഒട്ടേറെ പേരാണ് നിത്യേന ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളിലും പഞ്ചായത്ത് വായനശാലയിലും എത്തിയിരുന്നത്. ചെളിയും ദുർഗന്ധവും നിറഞ്ഞു പരിസരം മലിനമായതോടെ ഇവിടെ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. റോഡിൽ ഓവുചാൽ നിർമിച്ചാൽ താഴ്ന്ന പ്രദേശത്തു നിലകൊള്ളുന്ന കെട്ടിട പരിസരങ്ങളിൽ മലിനജലം ഒഴുകിയെത്തുന്നത് ഒഴിവാക്കാം. ചെളിയും മലിനജലവും നീക്കം ചെയ്യുന്നതിനു അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൂടാതെ കെട്ടിടത്തിന്റെ പരിസരങ്ങൾ ഇന്റർലോക്ക് ഘടിപ്പിക്കുകയും വേണമെന്നാണു സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആവശ്യം.