അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ് സ്നേഹഭവന്റെ വഴിയടച്ച് മുരിക്കുംകരിയിൽ ട്രെഞ്ച്
Mail This Article
ചരൾ∙ അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ് ദുരിതം പേറി മുരിക്കുംകരിയിലെ സ്നേഹഭവൻ നിവാസികളും. സംരക്ഷണ ഭിത്തി കെട്ടുന്നതിനു ട്രെഞ്ച് കുഴിച്ചതിനു ശേഷം തുടർപണി നടത്താത്തതാണു പ്രതിസന്ധി. മഴ ആരംഭിച്ചതോടെ സ്‌നേഹഭവനു സമീപം വെള്ളം കെട്ടി നിന്നും ചെളി നിറഞ്ഞും അന്തേവാസികൾക്കു പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പ്രായമായ 20 പേരാണ് ഇവിടെ കഴിയുന്നത്. ‘രാജ്യാന്തര നിലവാരത്തി’ലുള്ള എടൂർ - വാണിയപ്പാറ - ചരൾ - പാലത്തിൻകടവ് റോഡിന്റെ മുരിക്കുംകരി ഭാഗത്താണ് അപകടാവസ്ഥ.
നേരത്തെ സണ്ണി ജോസഫ് എംഎൽഎയും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലും കെഎസ്ടിപി അധികൃതരും ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും സംരക്ഷണ ഭിത്തി നിർമാണം ഉടൻ നിർമിക്കണമെന്നു കരാരുകാരോട് നിർദേശിക്കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 10 മീറ്ററോളം നീളത്തിൽ കുഴിച്ച ട്രെഞ്ചാണ് സംരക്ഷണ ഭിത്തി നിർമിക്കാതെ അവശേഷിപ്പിച്ചിട്ടുള്ളത്. 50 മീറ്ററോളം ഇവിടെ റോഡിന് സംരക്ഷണ ഭിത്തി നിർമിക്കണം. സംരക്ഷണ ഭിത്തി കെട്ടി ഉടൻ നിർമിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് സ്‌നേഹഭവൻ അധികൃതർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകി.