ADVERTISEMENT

കൊട്ടിയൂർ∙ വീണ്ടും ഗതാഗത കുരുക്കിൽ കുരുങ്ങി കൊട്ടിയൂർ തീർഥാടകർ. മലയോര ഹൈവേയിൽ ശനിയാഴ്ച സന്ധ്യയ്ക്ക് ആരംഭിച്ച വാഹന തിരക്കും തുടർന്ന് ഉണ്ടായ ഗതാഗത കുരുക്കും ഇന്നലെ സന്ധ്യ വരെ തുടർന്നു. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കണിച്ചാർ മുതൽ രൂപപ്പെട്ട ഗതാഗത കുരുക്ക് പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടലിലൂടെ കുറെയെങ്കിലും അഴിഞ്ഞത് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ്. 

ഒരു കിലോമീറ്റർ ദൂരം താണ്ടാൻ വാഹനങ്ങൾ ഒരു മണിക്കൂറിൽ അധികം സമയമെടുത്തു. ശനിയാഴ്ചയും പകൽ സമയം ഗതാഗത കുരുക്ക് ഉണ്ടായെങ്കിലും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. അവധി ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും ദർശനത്തിനായി തിരഞ്ഞെടുത്ത് ഭക്തർ എത്തിയതാണു തിരക്കിന് കാരണം. ശനിയാഴ്ച രോഹിണി ആരാധനാ ദിനം കൂടി ആയിരുന്നതിനാൽ വൻ തിരക്ക് ഉണ്ടായിരുന്നു. 

24ന് ഉച്ചശീവേലി വരെ മാത്രമാണ് സ്ത്രീകൾക്ക് കൊട്ടിയൂർ ദർശന അനുമതി ഉള്ളത് എന്നതിനാലും മറ്റ് അവധി ദിവസങ്ങൾ ഇല്ലാത്തതിനാലും ഇന്നലെ സ്ത്രീജനങ്ങൾ കൂടുതൽ എത്തുകയും ചെയ്തു. റോഡരികിൽ വാഹനം നിർത്തിയിടുന്നത് തടഞ്ഞതിനാൽ വിവിധയിടങ്ങളിൽ വാഹനം പാർക്ക് ചെയ്ത് ഭക്തജനങ്ങൾ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് നടന്നു പോയി ദർശനം നടത്തി. ക്ഷേത്രത്തിൽ ദർശനത്തിനും മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടു. 

സമാന്തര പാതയിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ മലയോര ഹൈവേയിൽ ഗതാഗത കുരുക്കഴിക്കാൻ എളുപ്പമായി. വാഹനങ്ങൾ നിറഞ്ഞതോടെ ഇന്നലെയും കൊട്ടിയൂരും ചുറ്റുമുള്ള ടൗണുകളും ഫലത്തിൽ സ്തംഭിച്ചു. ബോയ്സ് ടൗൺ റോഡിലെ ചുരത്തിലും ഗതാഗത കുരുക്ക് രൂപപ്പെട്ടു. കൊട്ടിയൂർ ടൗണിൽ നിന്ന് സമാന്തര പാതയിലേക്ക് തിരിയുന്ന ഭാഗത്തുള്ള നീണ്ടുനോക്കി പാലം പൊളിച്ചതിനാൽ ക്ഷേത്രത്തിന്റെ തൊട്ടടുത്ത പ്രദേശത്തുവച്ചു ഗതാഗതം ക്രമീകരിക്കുന്നതിന് തടസ്സം നിലനിന്നിരുന്നു.

കേളകം, കണിച്ചാർ, മണത്തണ ടൗണുകളിലും വാരപ്പീടിക മഞ്ഞളാംപുറം റോഡിലുംഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. കൂടുതൽ കെഎസ്ആർടിസി ബസുകളും ടൂറിസ്റ്റ് ബസുകളും കൊട്ടിയൂരിലേക്ക് എത്തിയിരുന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ വാഹനങ്ങളായിരുന്നു ഇന്നലെ അധികവും എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com