അത്തം നാൾ: കൊട്ടിയൂരിൽ ഇന്ന് വലിയ വട്ടളം പായസം നിവേദിക്കും
Mail This Article
കൊട്ടിയൂർ ∙ അത്തം നാളായ ഇന്ന് കൊട്ടിയൂരിൽ ഒട്ടേറെ പ്രത്യേക ചടങ്ങുകൾ നടത്തും. വാളാട്ടവും കുടിപതികളുടെ തേങ്ങയേറും അത്തം നാൾ ചതുശ്ശതം വലിയ വട്ടളം പായസം നിവേദ്യവുമാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. ഇന്ന് ഉച്ചശീവേലിയുടെ മധ്യത്തിലാണ് വാളാട്ടം.
ഭണ്ഡാരം എഴുന്നള്ളത്ത് ദിനത്തിൽ എഴുന്നള്ളിച്ചു കൊണ്ടു വന്ന ചപ്പാരം ഭഗവതിയുടെ വാളുകളുമായി ഏഴില്ലക്കാരായ മൂന്നു വാളശ്ശൻമാർ തിരുവഞ്ചിറയിൽ ഇറങ്ങി നിന്നാണു വാളാട്ടം നടത്തുക. ദേവീദേവൻമാരുടെ തിടമ്പുകൾക്കു മുന്നിൽ വടക്കോട്ട് തിരിഞ്ഞു നിന്നാണു വാളാട്ടം നടത്തുക. മൂന്നു പേരും തിരുവഞ്ചിറയിൽ ഒരു വട്ടം വലം വയ്ക്കുകയും ചെയ്യും. അത്തം നാളിലെ വലിയ വട്ടളം പായസം ഇന്നാണു നിവേദിക്കുക.
ദേവസ്വം വകയാണ് ഇന്നത്തെ പായസ നിവേദ്യം. വാളാട്ടത്തിന് ശേഷം കുടിപതികളുടെ തേങ്ങയേറ് നടത്തും. അമ്മാറക്കൽ തറയ്ക്കും പൂവറയ്ക്കും നടവിലെ തിരുവഞ്ചിറയുടെ ഇടുങ്ങിയ ഭാഗത്തു നിന്നാണു വടക്ക് ദിക്കിലേക്കു നോക്കി തേങ്ങയേറ് നടത്തുക. വഴിപാട് കൂത്ത് ഇന്നലെ അവസാനിച്ചു. വൈശാഖ ഉത്സവത്തിലെ കൂത്ത് സമർപ്പണവും ഇന്നാണ്.
നാളെയാണു വൈശാഖ കാലത്തിനു സമാപനം കുറിക്കുന്ന തൃക്കലശാട്ടം. കലശാട്ടത്തിനു വേണ്ടിയുള കളഭക്കൂട്ട് ഇന്നു കലശ മണ്ഡപത്തിൽ ഒരുക്കും. ഇന്നു നടത്തുന്ന ആയിരം കുടം ജലാഭിഷേകത്തോടെ ഉത്സവ ചിട്ടകൾ പൂർത്തീകരിക്കും. നാളെ രാവിലെ ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ നിക്ഷേപിച്ച ശേഷമാണ് കലശാട്ടം നടത്തുക.