കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് തൃക്കലശാട്ടം
Mail This Article
കൊട്ടിയൂർ∙ ഞെട്ടി പനയോലയും മുളകളും കൊണ്ട് മണിത്തറയിൽ നിർമിച്ച ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ നിക്ഷേപിച്ച ശേഷം കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് തൃക്കലശാട്ടം. ഇനി അടുത്ത വർഷം ഇടവ മാസത്തിൽ ചോതി വിളക്ക് തെളിയും വരെ ദേവകളുടെ ഉത്സവ കാലമെന്ന വിശ്വാസത്തോടെ ഇന്ന് ചടങ്ങുകൾ പൂർത്തിയാക്കും.
രാവിലെ മണിത്തറയിലെ വിളക്കിലെ തിരിനാളം തേങ്ങാമുറികളിലേക്ക് പകർന്ന ശേഷം വിളക്കിറക്കൽ. പിന്നീട് ശ്രീകോവിൽ പിഴുത് മാറ്റും. കലശ മണ്ഡപത്തിൽ നിന്ന് കളഭ കുംഭങ്ങൾ പാരമ്പര്യ വാദ്യത്തിന്റെ അകമ്പടിയോടെ അടിയന്തിരക്കാരായ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിക്കും. ആദ്യം വെള്ളിക്കുടത്തിലെ കളഭം അഭിഷേകം ചെയ്യും.
തുടർന്ന് പൊന്നിൻ കുടത്തിലെ കളഭവും ആടും. പരികലശം ആടുന്നതോടെ തൃക്കലശാട്ടം പൂർത്തിയാകും. തുടർന്ന് സർവ ബ്രാഹ്മണരും ചേർന്ന് പൂർണ പുഷ്പാഞ്ജലി അർപ്പിക്കും. പ്രസാദം നൽകി കഴിഞ്ഞാൽ തറ ശുചിയാക്കും. കുടിപതികൾ തിടപ്പളളിയിൽ കയറി കടുംപായസം ചേർത്തുള്ള തണ്ടിൻമേൽ ഊണ് നടത്തും. തുടർന്ന് മുതിരേരി വാൾ തിരിച്ചെഴുന്നള്ളിക്കും.
അമ്മാറക്കൽ തറയിൽ തൃച്ചന്ദന പൊടി അഭിഷേകം ചെയ്തു കഴിഞ്ഞാൽ പിന്നാലെ ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. പ്രധാന തന്ത്രിയും ഓച്ചറും പന്തക്കിടാവും മാത്രമാകുമ്പോൾ യാത്രാബലി ആരംഭിക്കും. നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂകി പാമ്പറപ്പാൻ തോട്ടിൽ എത്തുമ്പോൾ പന്തക്കിടാവിനെ കായട്ട ഏൽപ്പിച്ച് കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരിന് പുറത്തേക്ക് നടന്നു പോകുന്നതോടെ വൈശാഖോത്സവ താന്ത്രിക കർമങ്ങളും പൂർത്തിയാകും.
നാളെ വറ്റടി നാളിൽ ബ്രാഹ്മണർ അക്കരെ പ്രവേശിച്ച് സ്വയംഭൂ വിഗ്രഹത്തെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് സന്നിധാനത്തിൽ നിന്ന് മടങ്ങിയാൽ ക്ഷേത്ര കവാടം അടയ്ക്കും.ഇന്നലെ പന്തീരടി കാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട് അത്തം നാളിലെ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം നടത്തി. ശീവേലി മധ്യത്തിൽ ഏഴില്ലക്കാരായ വാളശ്ശൻമാർ ദേവീ േദവൻമാരുടെ തിടമ്പുകൾക്ക് മുന്നിൽ വാളാട്ടം നടത്തി. തുടർന്ന് കുടിപതികൾ തേങ്ങയേറ് നടത്തി. കൂത്ത് സമർപ്പണവും ഇന്നലെ നടത്തി. തുടർന്ന് കലശ മണ്ഡപത്തിൽ കലശാട്ടത്തിനുള്ള പ്രത്യേക ചടങ്ങുകൾ നടത്തി.