ADVERTISEMENT

മട്ടന്നൂർ∙ വിമാനത്താവളത്തിൽ നിന്നു വെള്ളം കുത്തിയൊഴുകി ജനവാസ കേന്ദ്രത്തിലെത്തുന്നത് തടയുന്നതിന് നടപടി സ്വീകരിക്കാൻ കെ.കെ. ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗത്തിൽ തീരുമാനം. കല്ലേരിക്കരയിൽ ഓവുചാൽ നിർമാണം ഉടൻ ആരംഭിക്കാനും കാര തോട്ടിലെ ചെളി നീക്കം ചെയ്യാനും തീരുമാനിച്ചു.

വിമാനത്താവളത്തിൽ നിന്നു വെള്ളം ഒഴുകി വരുന്ന ഓവുചാലുകൾ പരിശോധിച്ച് മണ്ണ് മൂടിയവ ശുചിയാക്കാനും തീരുമാനമായി. വിമാനത്താവളത്തിൽ നിന്നു മഴവെള്ളം കുത്തിയൊഴുകി വെള്ളം കയറി വീടുകൾ കെ.കെ.ശൈലജ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കല്ലേരിക്കരയിൽ വെള്ളം ഒഴുകിയ ഭാഗത്തു ഓവുചാൽ നിർമിക്കാൻ സർക്കാർ നേരത്തെ ഫണ്ട് അനുവദിച്ചിട്ടും ചില ഉടമകൾ തടഞ്ഞിരുന്നു. ഓവുചാൽ ഉണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ ആക്കം കുറയുമായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. കിയാലിന്റെ അധീനതയിലുള്ള ഓവുചാലുകളിൽ മണ്ണു നിറഞ്ഞതും അപകടത്തിന് ഇടയാക്കിയതായി വിലയിരുത്തി.

 ഓവുചാൽ നിർമിക്കാൻ നേരത്തെ തന്നെ സർക്കാർ ഫണ്ട് അനുവദിച്ചതാണ്. എന്നാൽ ഭൂമിക്ക് പണം നൽകാതെ ഓവുചാൽ നിർമിക്കാൻ സമ്മതിക്കില്ലെന്ന വാദം ചില ഉടമകളിൽ നിന്ന് ഉണ്ടായിരുന്നു. അന്നു ഓവുചാൽ നിർമിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്രയും വെള്ളം ഒഴുകിയെത്തിയാലും വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.14 ഭൂവുടമകളാണ് സമ്മത പത്രം നൽകേണ്ടത്. എല്ലാവരും സമ്മതം നൽകി നിർമാണത്തിന് അനുമതി നേടണം.

ഭൂമിക്കു നഷ്ട പരിഹാരം ലഭ്യമാക്കാൻ കഴിയുമെങ്കിൽ അതിനു ശ്രമിക്കാമെന്നും എംഎൽഎ പറഞ്ഞു. അതേ സമയം കിയാലിന്റെ അധീനതയിലുള്ള ഓവുചാലിൽ നിന്നു കൃത്യമായ രീതിയിൽ വെള്ളം ഒഴുകുന്നില്ല. ഓവുചാലുകൾ കാടു കയറിയും ചെളിയും മണ്ണും നിറഞ്ഞ അവസ്ഥയിലാണ്. അതു കൊണ്ടു തന്നെ വെള്ളം ഓവുചാൽ കവിഞ്ഞും ഒഴുകിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ നിന്നു വരുന്ന വെള്ളത്തിന്റെ വേഗത കുറയ്ക്കാൻ പദ്ധതി പ്രദേശത്തിനുള്ളിൽ നിർമിച്ച കുളങ്ങൾ പോലെ നിർമിച്ച ഡി സെൽറ്റിങ് പിറ്റിൽ മണ്ണും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. ഇതും വെള്ളം വീടുകളിലേക്കു കയറാൻ ഇടയാക്കിയിട്ടുണ്ട്.

നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം.രതീഷ്, കൗൺസിലർ പി.കെ.നിഷ, മുൻ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, എഡിഎം കെ.കെ.ദിവാകരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

എംഎൽഎയുടെ യോഗത്തിലെ തീരുമാനങ്ങൾ

∙കല്ലേരിക്കരയിൽ വിമാനത്താവളത്തിന്റെ മതിലിടിഞ്ഞു വെള്ളം കുത്തിയൊലിച്ച പ്രദേശത്ത് സ്ഥലമുടമകളുടെ സമ്മതം കിട്ടിയ ഭാഗത്തു എത്രയും പെട്ടെന്ന് ഓവുചാൽ നിർമാണം ആരംഭിക്കണം.

∙നിലവിലുണ്ടായ സാഹചര്യം മനസ്സിലാക്കി ബാക്കിയുള്ളവരുടെ സമ്മതം നാളെ തന്നെ വാങ്ങി എത്രയും പെട്ടെന്ന് പ്രവൃത്തികൾ പൂർത്തിയാക്കണം. 

∙വിമാനത്താവള പ്രദേശത്തു നിന്നു മതിലിനു പുറത്തേക്ക് വെള്ളം വരുന്നതിന്റെ വായ്ഭാഗം വലുതായിട്ട് കോൺക്രീറ്റ് ചെയ്യണം. ആ ഭാഗത്തു മതിൽ ബലപ്പെടുത്തുകയും ചെയ്യണം.

∙കിയാൽ വിമാനത്താവള പദ്ധതി  പ്രദേശത്തിനുള്ളിലെ മുഴുവൻ ഓവുചാലുകളും ഒരാഴ്ചയ്ക്കുള്ളിൽ പരിശോധിക്കണം.

∙ മണ്ണും ചെളിയും നിറഞ്ഞ അവസ്ഥയിലുള്ളതുണ്ടെങ്കിൽ അവ ശുചിയാക്കണം.

∙കിയാൽ അതിർത്തി നിശ്ചയിച്ച് നിർമിച്ച വീടുകളോടു ചേർന്ന മതിലുകൾ പരിശോധിച്ച് ബലക്കുറവ് ഉണ്ടെങ്കിൽ ബലപ്പെടുത്തണം.

∙ കൊതേരി തോടിന്റെ കലുങ്കിന്റെ സുരക്ഷാ വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കണം

∙വിമാനത്താവള രണ്ടാം ഗേറ്റിനു സമീപം കാര തോട് കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറാൻ ഇടയായ സംഭവത്തിൽ തോടിന്റെ വീതി കൂട്ടി ഭിത്തി കെട്ടേണ്ട നടപടികൾ ആരംഭിക്കണം.

∙ കാരത്തോടിൽ ചെളിയും  മണ്ണും നീക്കം ചെയ്യണം.

∙ഇത്രയേറെ വെള്ളം വിമാനത്താവളത്തിൽ നിന്ന് ഒഴുകി വരുന്ന സാഹചര്യത്തിൽ ഭാവിയിൽ വെള്ളം സംഭരിച്ചു പുനരുപയോഗിക്കാനുള്ള സംവിധാനം ചെയ്യാനാകുമോയെന്ന് കിയാൽ പരിശോധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com