വിവാദ യുട്യൂബർ തൊപ്പിയുടെ ‘ക്രൂരവിനോദ’ ത്തിൽ ഉപജീവനം പ്രതിസന്ധിയിലായ ഗൃഹനാഥൻ പറയുന്നു...
Mail This Article
കണ്ണൂർ ∙ ഏപ്രിൽ 17. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറയ്ക്കൽ സജി സേവ്യർ ഈ ദിനം ഒരിക്കലും മറക്കില്ല. വൈകിട്ട് 6നു ശേഷം പതിവില്ലാത്ത ഫോൺകോളുകൾ. ‘തൊപ്പി’യുടെ യുട്യൂബ് ചാനലിൽ സജിയുടെ ഫോൺ നമ്പറും സംഭാഷണവും പ്രചരിക്കുന്നുണ്ടെന്നു പറയാനായിരുന്നു ആ ഫോൺവിളികളെല്ലാം. ഇതുവരെ കാണാത്ത, ‘തൊപ്പി’യെന്ന പേരുപോലും കേൾക്കാത്ത സജി സേവ്യറിന് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുൻപേ, തുടരെത്തുടരെ ഫോൺവിളികളെത്തി. ഗതികെട്ട് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് കൊടുത്തിട്ടുണ്ടെന്നും ശല്യം ചെയ്താൽ പിടിയിലാകുമെന്നും വിഡിയോയ്ക്കു താഴെ കമന്റിടാൻ പൊലീസ് നിർദേശിച്ചതിനു പിന്നാലെ കമന്റിട്ടെങ്കിലും ഫലമുണ്ടായില്ല.
നാൽപത്തേഴുകാരനായ സജി സേവ്യർ, 27 വർഷമായി കമ്പിവേലി നിർമാണ ജോലി ചെയ്യുകയാണ്. വേലി നിർമിച്ചു കഴിഞ്ഞാൽ തന്റെ ഫോൺനമ്പറടക്കമുള്ള ഒരു കുഞ്ഞു ബോർഡും സ്ഥാപിക്കും; കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ. പക്ഷേ, ‘തൊപ്പി’യെന്നറിയപ്പെടുന്ന യുട്യൂബർ മുഹമ്മദ് നിഹാദ് ആ നമ്പർ ഉപയോഗിച്ചത് അശ്ലീലം പറയാനും അതു പ്രചരിപ്പിക്കാനും. ‘തൊപ്പി’യെ അനുകരിച്ച്, രാപകൽ വ്യത്യാസമില്ലാതെ കുട്ടികളടക്കമുള്ളവർ ഒറ്റയ്ക്കും കൂട്ടായും ഫോണിൽ വിളിച്ച് അസഭ്യം പറയാൻ തുടങ്ങിയതോടെ സജി സേവ്യർ ഫോൺ എടുക്കാതായി. അതോടെ, ജോലിക്കുള്ള ഓർഡറുകൾ പകുതിയായി കുറഞ്ഞു.
‘നമ്പർ മാറാമെന്നു കരുതിയാൽ ഉപജീവനം പൂർണമായി വഴിമുട്ടും. കാരണം, ഓർഡറുകളിൽ ഭൂരിഭാഗവും ലഭിക്കുന്നതു ഫോൺ വഴിയാണ്. നമ്പർ മാറ്റിയാൽ ബിസിനസ് ആദ്യം മുതലേ ആരംഭിക്കേണ്ടി വരും. രണ്ടു മക്കളും ഭാര്യയും മാതാപിതാക്കളുമുള്ള വീടിന്റെ ഏക ആശ്രയം ഞാനാണ്. അങ്ങനെയാണ് വീണ്ടും പരാതി നൽകാൻ തീരുമാനിച്ചത്’– സജി പറഞ്ഞു.
റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് ആദ്യം പരാതി നൽകിയത്. തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദിനോടും അവസ്ഥ വിവരിച്ചു. ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണു രണ്ടര മാസത്തിനു ശേഷം ‘തൊപ്പി’യുടെ പേരിൽ ശ്രീകണ്ഠപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം മുഹമ്മദ് നിഹാദിന്റെ അറസ്റ്റും രേഖപ്പെടുത്തി. കേസുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സജി സേവ്യർ.
English Summary : Controversial YouTuber ‘Thoppi’