കർക്കടക മാസാചരണത്തിന് തുടക്കം: ത്രിദോഷങ്ങളിൽനിന്ന് രക്ഷ; ഇതാ കർക്കടകക്കഞ്ഞി
Mail This Article
കർക്കടകമാസം പൊതുവേ ദഹനശക്‌തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷതരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടകക്കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കഷായത്തിലാണു കഞ്ഞി തയാറാക്കുന്നത്.
കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകിട്ടും കഴിക്കാം. തുടർച്ചയായി ഒരു മാസം ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെങ്കിലും 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. ഔഷധക്കഞ്ഞിയും ച്യവനപ്രാശ്യവുമെല്ലാം നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനത്തെ കൃത്യതയുള്ളതാക്കാൻ സഹായിക്കും.
കർക്കടകക്കഞ്ഞി വിളമ്പാൻ കുടുംബശ്രീ
കണ്ണൂർ∙ കർക്കടക മാസത്തെ വരവേൽക്കാനൊരുങ്ങി കുടുംബശ്രീയും. അടുത്തയാഴ്ച കർക്കടക ഫെസ്റ്റിനു തുടക്കം കുറിക്കും. ജില്ലയിലെ 81 കേന്ദ്രങ്ങളിലായി 800ലധികം കുടുംബശ്രീ അംഗങ്ങളാണ് ലൈവ് ഫെസ്റ്റിനു നേതൃത്വം നൽകുക. ഇലക്കറികൾ, മരുന്നുകൾ, കർക്കടക കഞ്ഞി തുടങ്ങിയവ വിതരണം ചെയ്യുന്ന സ്റ്റാളുകൾ അടുത്തയാഴ്ചയോടെ പഞ്ചായത്ത്, നഗരസഭാ തലത്തിൽ ആരംഭിക്കും.