കുളമ്പുരോഗം പതിനാറിടത്ത്; 143 കാലികൾക്കു രോഗം സ്ഥിരീകരിച്ചു
Mail This Article
കണ്ണൂർ∙ ജില്ലയിൽ കുളമ്പുരോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെയെണ്ണം 16 ആയി. ചൊക്ലിയിലും കടന്നപ്പള്ളിയിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 143 കാലികൾക്കു രോഗം സ്ഥിരീകരിച്ചു. കുളമ്പുരോഗം ബാധിച്ചു ചത്തത് ആറു കാലികളാണ്. 2 വീതം കന്നുകുട്ടികളും കിടാരികളും പശുക്കളുമാണു ചത്തത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ വീടുകളിൽപോയി കുത്തിവയ്പ് നൽകുന്നുണ്ട്. 33 സ്ക്വാഡുകൾ വഴി 1442 കാലികൾക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പു നൽകി.
രോഗം സ്ഥിരീകരിച്ച സ്ഥലത്തു നിന്ന് 5 കിലോമീറ്റർ ദൂരപരിധിയിലുള്ള 3000 കാലികൾക്കു കുത്തിവയ്പു നൽകാനാണു ലക്ഷ്യം. നിലവിൽ, രോഗം നിയന്ത്രണവിധേയമാണ്. പേടിക്കേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ കുത്തിവയ്പ് ഫലപ്രദമായി നടത്തുന്നുണ്ടെന്നും കുളമ്പുരോഗ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ഡോക്ടർമാരെ വിവരമറിയിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി.പ്രശാന്ത് പറഞ്ഞു.
ലക്ഷണങ്ങൾ
പനി, വിശപ്പില്ലായ്മ, വായിലും അന്നനാളത്തിലും നാവിലും കുളമ്പുകൾക്കിടയിലും കുമിളകൾ, വ്രണങ്ങൾ തുടങ്ങിയവ രൂപപ്പെടുക.
രോഗം ബാധിച്ചാൽ
രോഗം ബാധിച്ചാൽ പിന്നെ കുത്തിവയ്പ് ഇല്ല. അണുബാധ തടയാനും വ്യാപിക്കാതിരിക്കാനുമുള്ള ടോണിക്കുകൾ, മരുന്നുകൾ, ഓയിന്റ്മെന്റുകൾ തുടങ്ങിയവ നൽകിയാണു ചികിത്സ. പനി കുറഞ്ഞെന്നു കരുതി കട്ടിയുള്ള ആഹാരം കൊടുക്കരുത്.മൃദുവായ പുല്ലുകൾ, ദ്രവരൂപത്തിലുള്ള ആഹാരം തുടങ്ങിയവയാണു നൽകേണ്ടത്.
പകരാതിരിക്കാൻ
രോഗം തടയാനുള്ള കുത്തിവയ്പ് നൽകണം.രോഗം ബാധിച്ച കന്നുകാലികളെ മറ്റുള്ളവയിൽ നിന്നു മാറ്റി നിർത്തുകയാണു പ്രധാനം. ഒന്നിച്ചു മേയാൻ വിടരുത്. രോഗബാധിത പശുക്കളുടെ പാൽ കൊടുക്കരുത്. വ്രണങ്ങൾ, ഉമിനീർ തുടങ്ങിയവ തൊഴുത്തിൽ വീഴാൻ സാധ്യതയുള്ളതിനാൽ സോഡാ കാരം ഉപയോഗിച്ച് അണുനശീകരണം നടത്തുക.