ഇരുട്ടിൽ തുടർന്ന് അജ്ഞാതൻ; വല വിരിച്ച് നാട്ടുകാരും പൊലീസും
Mail This Article
ചെറുപുഴ∙ മലയോര മേഖലയിൽ അജ്‌ഞാതന്റെ വിളയാട്ടം തുടരുന്ന സാഹചര്യത്തിൽ ജാഗ്രതസമിതിയുടെ പ്രവർത്തനം ശക്തമാക്കാൻ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. ചെറുപുഴ എസ്എച്ച്ഒ: ടി.പി.ദിനേശൻ പ്രാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിലാണു തീരുമാനം. പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഷാജി, വി.ഭാർഗവി, സന്തോഷ് ഇളയിടത്ത്, പൊലീസ് ഉദ്യേഗസ്ഥർ എന്നിവർക്കു പുറമേ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവാക്കളും യോഗത്തിൽ പങ്കെടുത്തു.
സ്ക്വാഡുകൾ രൂപീകരിച്ച് അതത് പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുക, ഒാരോ പ്രദേശങ്ങളിലെയും തിരച്ചിൽ സംഘങ്ങളിൽ അതത് പ്രദേശങ്ങളിലുള്ള ആളുകൾ മാത്രം പങ്കെടുക്കുക, കൂടുതൽ ക്യാമറകൾ സ്ഥാപിക്കുക, നിലവിലെ ക്യാമറകൾ പരമാവധി പ്രയോജനപ്പെടുത്തുക, ഫോൺ വിളി ഒഴിവാക്കി സന്ദേശം വാട്സാപ് ഗ്രൂപ്പ് കൈമാറുക തുടങ്ങിയ നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
ഇതിനിടെ കഴിഞ്ഞദിവസം രാത്രി 11.30ന് കോക്കടവിലെ പുത്തോത്ത് ജയിസന്റെ വീട്ടിലെത്തിയ അജ്ഞാതൻ വാതിലിൽ അടിച്ചു ശബ്ദമുണ്ടാക്കി. വീട്ടുകാർ ഉണർന്നതോടെ അജ്ഞാതൻ ഓടി ചെറുപുഴ-തിരുമേനി മരാമത്ത് റോഡിൽ എത്തി ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നു വ്യാപക തിരച്ചിൽ നടത്തിയെങ്കിലും അജ്‌ഞാതനെ കണ്ടെത്താനായില്ല. ജയിസന്റെ വീട്ടിലെ വളർത്തു പൂച്ചയെ വീടിനു സമീപത്തു ചത്ത നിലയിൽ കണ്ടെത്തി.