ADVERTISEMENT

പേരാവൂർ∙മലയോരത്ത് വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ ജനം വലയുകയാണ്. മണ്ണിൽ വിയർപ്പൊഴുക്കി കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ച മലയോര ജനതയുടെ നെഞ്ചിലൂടെയാണ് ഓരോ കാട്ടുമൃഗങ്ങളും കടന്നുപോകുന്നത്. നട്ട്, വളർച്ചയുടെ ഓരോഘട്ടത്തിലും കൂട്ടിരുന്ന് വിളവെടുക്കാനായ തോട്ടങ്ങളിലാണ് കാട്ടാനയും പന്നിയും പോത്തുമെത്തുന്നത്.

കർഷകരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ രാജവെമ്പാലയടക്കമുള്ള പാമ്പുകൾ കൂടെ ഇറങ്ങിത്തുടങ്ങിയതോടെ പ്രദേശവാസികൾ ഭയത്തിലാണ്. കാട്ടാന ശല്യത്തിനു പുറമേ കുരങ്ങ്, കാട്ടുപന്നി, പാമ്പ്, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ മൃഗങ്ങളാണ് ജനവാസത്തിനു വെല്ലുവിളിയായി മുന്നിലുള്ളത്.

മലയോര കാർഷിക ഗ്രാമങ്ങൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി പാമ്പുകളുടെ ശല്യമാണ്. പെരുമ്പാമ്പുകളും രാജവെമ്പാലകളുമാണ് പ്രധാന ഭീഷണി. ജൂലൈ മാസത്തിൽ മാത്രം പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ നിന്ന് റസ്ക്യൂ ടീം അംഗം പിടികൂടിയത് 110 പാമ്പുകളെയാണ്. കഴിഞ്ഞ 2 ആഴ്ചകൾക്കുള്ളിൽ 6 രാജവെമ്പാലകളെയാണ് കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ നിന്ന് പിടികൂടിയത്. 

wild-animal
കോളയാട് കൊമ്മേരിയിൽ പാതയോരത്ത് മേയുന്ന കാട്ടുപോത്ത്.

ഇതിന്റെ മൂന്നിരട്ടി പെരുമ്പാമ്പുകളെ ജൂലൈ മാസത്തിൽ മലയോര മേഖലയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. 2023ൽ മാത്രം മുപ്പതിൽ അധികം രാജവെമ്പാലകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ 400ൽ അധികം പാമ്പുകളെയാണ് ജില്ലയിലെ റസ്ക്യൂ ടീം അംഗങ്ങൾ പിടികൂടിയത്.

കൊട്ടിയൂർ പഞ്ചായത്തിലെ ചപ്പമലയിലും കേളകത്തെ കാളികയത്തും കാട്ടാന കൂട്ടങ്ങളാണ് പ്രധാന ഭീഷണിയായിട്ടുള്ളത്. കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിൽ വിലസുന്നത് കാട്ടുപോത്തുകളുടെ കൂട്ടങ്ങളാണ്. കണിച്ചാറിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിയും കുരങ്ങും നാശം വിതയ്ക്കുന്നു. 

ഏറെ കാലത്തിന് ശേഷമാണ് കൊട്ടിയൂർ ചപ്പമലയിൽ കാട്ടാന കൂട്ടങ്ങൾ തുടർച്ചയായി എത്തുന്നത്. ആനത്താര പദ്ധതിക്കും റീ ലൊക്കേഷൻ പദ്ധതിക്കും വേണ്ടി ഏറ്റെടുത്ത പ്രദേശങ്ങൾ കടന്നാണ് കേരളമുക്ക്, ബോംബെ മല പ്രദേശങ്ങളിലേക്ക് കാട്ടാനകൾ എത്തിയത്. ഇവയ്ക്കു പിന്നാലെ കാട്ടുപോത്തുകളും മലാനും എല്ലാം ഇവിടേക്ക് എത്തിയിട്ടുള്ളതായും നാട്ടുകാർ പറയുന്നു. 

കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ കാളികയം മേഖലയിലും വളയംചാലിലും കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഈ മേഖലയിൽ വൈദ്യുതി കമ്പിവേലിയുടെ പണികൾ നടത്തി വരികയാണ്. താൽക്കാലികമായി എങ്കിലും കാട്ടാനകളെ തടയാനാകും എന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള കർഷകർ. എന്നാൽ കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യം എല്ലാ പ്രദേശത്തും രൂക്ഷമായി തുടരുകയാണ്.

English Summary: More than 30 king Snakes have been caught... Farmers' lives are threatened, local residents are scared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com