ADVERTISEMENT

കണ്ണൂർ∙ ആമവാതം അഥവാ റുമറ്റോയ്ഡ് ആർത്രൈറ്റിസിനു പാർശ്വഫലങ്ങളില്ലാത്ത മരുന്നിനു വേണ്ട സംയുക്തം വികസിപ്പിച്ച് കണ്ണൂർ സർവകലാശാലയിലെ ബയോടെക്‌നോളജി ആൻഡ് മൈക്രോ ബയോളജി ഡിപാർട്മെന്റ്. ശാസ്ത്രമാസികയായ സയന്റിഫിക് റിപ്പോർട്സിൽ (നേച്ചർ പോർട്ട്ഫോളിയോ ഓഫ് ജേണൽസ്) ലേഖനം പ്രസിദ്ധീകരിച്ചു. നിലവിൽ ആമവാതത്തിനുപയോഗിക്കുന്ന നോൺ സ്റ്റിറോയ്‌ഡൽ മരുന്നുകളുടെ അളവിന്റെ പന്ത്രണ്ടിൽ ഒന്ന് എന്ന അളവ് മാത്രം മതിയാകും പുതിയ സംയുക്തം.

ബെർജീനിയ ലെജുലാറ്റ എന്നറിയപ്പെടുന്ന പാഷാണ ഭേദി എന്ന ഔഷധച്ചെടിയിൽ നിന്നു വേർതിരിച്ചെടുക്കുന്ന മീഥെയ്ൽ ഗാലൈഡിൽ നിന്നാണു മരുന്നിനാവശ്യമായ സംയുക്തങ്ങൾ ഉണ്ടാക്കിയത്. സന്ധിവാതം, മൈഗ്രെയ്ൻ തുടങ്ങിയവയ്ക്കും മരുന്ന് ഫലപ്രദമായേക്കും. കല്ലുരുക്കി, കല്ലൂർ വഞ്ചി എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യം ആയുർവേദത്തിൽ പല രോഗങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ‘നിലവിൽ ആമവാതത്തിനെതിരായ ചില മരുന്നുകൾ കരൾ വീക്കം പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. നിലവിലുള്ള മരുന്നുകളേക്കാൾ പത്തിരട്ടി കാര്യക്ഷമവുമാണു പുതിയ സംയുക്തം.

പാർശ്വഫലങ്ങളൊന്നുമില്ലെന്നും എലികൾ അടക്കമുള്ള ജീവികളിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.’ ഗവേഷകർ പറഞ്ഞു.7 വർഷം നീണ്ട ഗവേഷണത്തിനു ശേഷം കണ്ടെത്തിയതാണു മീതെയ്ൽ ഗാലൈറ്റ് സിന്തറ്റിക്ക് ഡെറിവേറ്റിവ് -1 (എംജിഎസ്ഡി -1 ) എന്ന സംയുക്തം മരുന്നായി ഉപയോഗിക്കുന്നതിന്റെ പ്രീ ക്ലിനിക്കൽ ഗവേഷണം മാത്രമാണു പൂർത്തിയായതെന്നും മരുന്നു കമ്പനികൾ മുതൽമുടക്കാൻ തയാറായാൽ ഇതിന്റെ ക്ലിനിക്കൽ ഗവേഷണം സാധ്യമാകുമെന്നും സംഘം അറിയിച്ചു.

പ്രോ വൈസ് ചാൻസലർ പ്രഫ. സാബു എ. ഹമീദ്, പ്രഫസർ ഇമിരിറ്റസ് ഡോ. എം.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. സി.എസ്.ശരണ്യ, പ്രഫ. ഇ.ജയാദേവി, ഡോ. ജെ.അഭിതാജ്, ഡോ. ജി.അരുൺകുമാർ, ഡോ. കോടി റെഡ്ഢി ഈദ (വിജ്ഞാൻ സർവകലാശാല), ഡോ. വിഘ്നേഷ് ഭട്ട് (മാംഗ്ലൂർ സർവകലാശാല) എന്നിവർ അംഗങ്ങളായുള്ള സംഘമാണു സംയുക്തം വികസിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com