ADVERTISEMENT

പഴയങ്ങാടി∙മാലിന്യ മുക്ത നവ കേരളത്തിന്റെ ഏഴോം പതിപ്പായ  അഴകേറും ഏഴോം പഞ്ചായത്തിൽ പെടുന്ന പഴയങ്ങാടി താലൂക്കാശുപത്രിയിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ സ്ഥലമില്ല. മറ്റു മാലിന്യങ്ങൾ കത്തിക്കുന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയാണ് ഇവിടെ. മറ്റു മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഈ പ്ലാസ്റ്റിക് മാലിന്യവും ഇതിൽ പെടാറുണ്ട്. ഇത് അലർജി പോലുള്ള അസുഖം ഉളളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അഴകേറും ഏഴോം പദ്ധതി കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തതിന്റെ പിന്നാലെയാണു മാലിന്യം പ്രശ്നം സജീവ ചർച്ചയായത്. 

അന്ന് തന്നെ മന്ത്രി പറഞ്ഞത് അഴകേറും ഏഴോം പദ്ധതി നല്ലതാണെന്നും എന്നാൽ അത്  മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങരുതെന്നും മന്ത്രി പറഞ്ഞിരുന്നു. കൈ അടിയോടെയാണു സദസ്സ് അത് സ്വീകരിച്ചത്. എന്നാൽ മന്ത്രി പറഞ്ഞിട്ട് 2 ദിവസം കഴിയുമ്പോഴാണ് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിടുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനു പുറമേ മാലിന്യം കത്തിക്കുന്നത് ആശുപത്രിയുടെ ഒരു മൂലയിലാണെങ്കിലും ഇതിന്റെ ദുരിതം സമീപവാസികൾക്കെല്ലാം ഉണ്ട്.

മതിലിന് സമീപത്തെ റോഡിന് തൊട്ടുരുമ്മിയാണ് ഒട്ടേറെ പേർ  എത്തുന്ന എരിപുരം പബ്ലിക് ലൈബ്രറി,മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, പഴയങ്ങാടി സബ് ട്രഷറി എന്നിവയും.  പഞ്ചായത്തിന്റെ ഹരിതകർമ സേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാറുണ്ട്. എന്നാൽ അതുവരെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ മിനി എംസിഎഫ്, വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും സൂക്ഷിക്കാൻ ബോട്ടിൽ ബൂത്തും ഇവിടെ ഒരുക്കണം. ആശുപത്രി വികസന സമിതി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ഏഴോം പഞ്ചായത്ത് എന്നിവ കണ്ണ് തുറന്നാൽ പ്രശ്നത്തിന് പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com