പുതിയ ഇടംതേടി അജ്ഞാതൻ? കാവി മുണ്ടും കറുത്ത ഷർട്ടും ധരിച്ച് എത്തി, ഓട്ടോയുടെ മുൻപിൽപെട്ടു
Mail This Article
ചെറുപുഴ ∙ പ്രാപ്പൊയിൽ ടാണിലും പരിസരങ്ങളിലും ഇന്നലെ അജ്ഞാതന്റെ വിളയാട്ടം ഉണ്ടായില്ല. 13 ദിവസത്തിനു ശേഷം ആദ്യമായാണു പ്രാപ്പൊയിൽ ടൗണിലും പരിസരങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഇല്ലാതിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമതിയും പൊലീസും ചേർന്നു രാത്രികാല പരിശോധന കർശനമാക്കിയതോടെയാണ് അജ്ഞാതൻ വിളയാട്ടം താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടയിലും ബുധനാഴ്ച രാത്രി അജ്ഞാതൻ നരമ്പ് ഭാഗത്തു പ്രത്യക്ഷപ്പെടുകയും സിആർപിഎഫ് ഉദ്യോഗസ്ഥൻ സുകുമാരന്റെ വീടിന്റെ കതകിൽ തട്ടി ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.
വീട്ടുകാർ അറിഞ്ഞതോടെ അജ്ഞാതൻ ഓടി രക്ഷപ്പെട്ടു. കാവി മുണ്ടും കറുത്ത ഷർട്ടും ധരിച്ച ആളാണെന്നു വീട്ടുകാർ പറഞ്ഞു. പിന്നീട് രാത്രി 10.30നു നരമ്പിൽ പാല സ്റ്റോപ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതൻ ഓട്ടോയുടെ മുൻപിൽപ്പെട്ട് ഓട്ടോ നിർത്തിയതോടെ ഇയാൾ സമീപത്തെ വീടിന്റെ പിൻഭാഗത്തേക്കോടി ഇരുട്ടിൽ മറഞ്ഞു.
ഈ സമയം അജ്ഞാതൻ മുണ്ട് തലയിലിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നു വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. ഇതിനിടെ പ്രാപ്പൊയിൽ ടൗണിലും പരിസരങ്ങളിലും ബുധനാഴ്ച രാത്രി അജ്ഞാതന്റെ അതിക്രമം ഉണ്ടായില്ലെങ്കിലും വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണു ജാഗ്രത സമിതിയുടെ തീരുമാനം.