ഉറക്കമില്ലാതെ 16 ദിവസം; മലയോര മേഖലയിൽ വീണ്ടും അജ്‌ഞാതന്റെ വിളയാട്ടം
Mail This Article
ചെറുപുഴ∙ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും അജ്‌ഞാതന്റെ വിളയാട്ടം തുടങ്ങി. കഴിഞ്ഞ 16 ദിവസങ്ങളായി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തി വിഹരിക്കുന്ന അജ്ഞാതൻ വ്യാഴാഴ്ച രാത്രി നിശബ്ദനായിരുന്നു. വെള്ളിയാഴ്ച രാത്രി പ്രാപ്പൊയിൽ ഈസ്റ്റിലെ ചെറുപുഴ പഞ്ചായത്ത് ആയുർവേദാശുപത്രി, സമീപത്തുള്ള കളപുരയ്ക്കൽ ഷീബ പോളിന്റെ വീടിന്റെ മതിൽ, മ്ലാങ്കുഴിയിൽ ശാന്ത വർഗീസിന്റെ വീടിന്റെ ഭിത്തി എന്നിവിടങ്ങളിലാണു കരി കൊണ്ടു ബ്ലാക്ക്മാൻ എന്നു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തത്.
പെരുന്തടം ചങ്ങാതിമുക്കിലെ കൃഷ്ണന്റെ വീടിന്റെ വാതിൽ ഇടിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്തു. ചെറുപുഴ- പെരുങ്കുടൽ റോഡിലെ പടമാട്ടുമ്മൽ ജസ്റ്റിന്റെ വീട്ടിലെത്തിയ അജ്ഞാതൻ കതകിൽ ചവിട്ടി ശബ്ദമുണ്ടാക്കി. ഈ സമയം വീട്ടമ്മയും കുഞ്ഞും മാത്രമെ വീട്ടിലുണ്ടായിരുന്നൊള്ളൂ. ഇവരുടെ ബഹളം കേട്ടു എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നു വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജാഗ്രതസമിതിയും പൊലീസും ചേർന്നു രാത്രിക്കാല പരിശോധന കർശനമാക്കിയതോടെയാണു അജ്ഞാതൻ ഉൾവലിഞ്ഞത്. ഇതോടെ നാട്ടുകാരും തിരച്ചിലിനു അയവ് വരുത്തി. ഇത് മനസിലാക്കിയതോടെയാണു അജ്ഞാതൻ വീണ്ടും രാത്രിസഞ്ചാരം പുനരാരംഭിച്ചത്. വീടിന്റെ മതിലിലും ഭിത്തിയിലും കരി കൊണ്ടു എഴുതുന്നതും, കതകിലും ജനലിലും ഇടിച്ചു ശബ്ദമുണ്ടാക്കുന്നതും വെറെ വെറെ ആളുകളാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ കരി കൊണ്ടു എഴുതിയത് ഒരാൾ തന്നെയാണെന്നു ഏറെ കുറെ ഉറപ്പായിട്ടുണ്ട്. എല്ലായിടത്തെയും കയ്യക്ഷരങ്ങളും ചിത്രങ്ങളും ഒരുപോലെ ഇരിക്കുന്നതാണു ഇങ്ങനെ കരുതാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. അജ്ഞാതന്റെ വിളയാട്ടം മൂലം പൊറുതി മുട്ടിയിരിക്കുകയാണു നാട്ടുകാരും പൊലീസും.
ഉദയഗിരി പഞ്ചായത്തിലുംഅജ്ഞാതന്റെ വിളയാട്ടം
ചെറുപുഴ പഞ്ചായത്തിൽ ആഴ്ചകളായി ഭീതി പരത്തിയ അജ്ഞാതന്റെ വിളയാട്ടം ഉദയഗിരി പഞ്ചായത്തിലും. കഴിഞ്ഞ ഏതാനും രാത്രികളിൽ പഞ്ചായത്തിലെ തൊമരകാട്, ചീക്കാട് പ്രദേശങ്ങളിൽ അജ്ഞാതന്റെ ‘കലാപ്രകടനങ്ങൾ ’ നടന്നതായി നാട്ടുകാർ പറയുന്നു. കതകും ജനലും മുട്ടലാണ് പ്രധാനമായും ചെയ്തത്. തൊമരകാട് പ്രദേശത്തായിരുന്നു. തുടക്കം. വെള്ളിയാഴ്ച രാത്രി അജ്ഞാതൻ ചീക്കാടും പ്രത്യക്ഷപ്പെട്ടു. വാതിലുകളിലും ജനലുകളിലും മുട്ടി വീട്ടിലുള്ളവരെ ഉണർത്തുകയും വീട്ടുകാർ കതക് തുറന്നു പുറത്തിറങ്ങുമ്പോഴേക്കും ഓടി രക്ഷപ്പെടുകയുമായിരുന്നു.
കറുത്ത മുണ്ടുടുത്തും ദേഹത്ത് കരിഓയിൽ പുരട്ടിയാണ് സഞ്ചാരം. അതേസമയം, കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ചീക്കാട് അജ്ഞാതന്റെ രംഗപ്രവേശം നാട്ടുകാരിൽ ആശ്ചര്യം ജനിപ്പിച്ചു. നാളിതുവരെ വീടുകളും ആളുകളും കൂടുതലുള്ള പ്രദേശങ്ങളിലായിരുന്നു അജ്ഞാതന്റെ വിളയാട്ടമെങ്കിൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ഒറ്റപ്പെട്ട വീടുകളുള്ള പ്രദേശങ്ങളിലും എത്തിത്തുടങ്ങി. ചീക്കാട് കാട്ടാനശല്യത്തെ തുടർന്ന് ഒട്ടേറെ കുടുംബങ്ങൾ വീടൊഴിഞ്ഞ പ്രദേശമാണ്.
ഇപ്പോൾ അവിടെ താമസമുള്ള വീടുകൾ കുറവാണ്. ഒരു ഭാഗത്ത് കാട്ടാനകളുടെ ഭീഷണിയും. ചീക്കാട് കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ പ്രദേശമായതിനാൽ ഓടിരക്ഷപ്പെടാനും ബുദ്ധിമുട്ടാണ്. ഇവയെല്ലാം തൃണവൽഗണിച്ചാണു അജ്ഞാതന്റെ രംഗപ്രവേശം. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയഅജ്ഞാതനെ പട്ടി കടിച്ചതായി സൂചന
രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ വളർത്തുനായ കടിച്ചതായി സൂചന. ചെറുപുഴ പഞ്ചായത്തിലെ ആറാം വാർഡിൽപെട്ട ഇടവരമ്പിലെ തെക്കേടത്ത് അഖിൽ മനോജിന്റെ വീട്ടിലെത്തിയ അജ്ഞാതനാണു പട്ടിയുടെ കടിയേറ്റെന്നാണു സൂചന. വെള്ളിയാഴ്ച രാത്രി 12.30 ആണു സംഭവം. വീട്ടുമുറ്റത്ത് കയറിയ അജ്ഞാതനു നേരെ വളർത്തുനായകൾ കുരച്ച് ചാടി കടിക്കുകയായിരുന്നുവത്രേ. ഈ സമയം അജ്‌ഞാതൻ നിലവിളിച്ചുവെന്നും ഇതാണു കടിയേറ്റുവെന്നു കരുതാൻ കാരണമെന്നുമാണു വീട്ടുകാർ പറയുന്നത്.
മനോജിന്റെ സഹോദരിയുടെ കുട്ടിക്ക് അസുഖമായതിനാൽ വീട്ടുകാർ ഉറങ്ങിയിരുന്നില്ല.പുറത്തു ശബ്ദം കേട്ട വീട്ടുകാർ ലൈറ്റിട്ടപ്പോൾ കറുത്ത രൂപം ഓടി മറയുന്നത് കണ്ടു. ബഹളത്തിനിടയിൽ വീട്ടുമുറ്റത്തെ മൺത്തിട്ട ഇടിഞ്ഞു വീഴുകയും ചെയ്തു. മോഷ്ടാക്കളാണോയെന്നും സംശയമുണ്ട്. എന്നാൽ അജ്‌ഞാതനു പട്ടിയുടെ കടിയേറ്റ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണു പഞ്ചായത്ത് അംഗവും പൊലീസും പറയുന്നത്. ഇക്കാര്യം ആരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നു പഞ്ചായത്ത് അംഗം പറഞ്ഞു.