ADVERTISEMENT

കൂത്തുപറമ്പ് ∙ പത്രം നിവർത്തി കയ്യിലുള്ള ലോട്ടറി ടിക്കറ്റ് പരിശോധിച്ചപ്പോൾ അതിഥി തൊഴിലാളിയായ നൂറുൽ ഇസ്‌ലാമിന് വിശ്വസിക്കാനായില്ല. തന്റെ കയ്യിലുള്ള ടിക്കറ്റിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ. കൂടെയുള്ള സുഹൃത്തുക്കളെ കൂടി വിളിച്ച് ഒന്നുകൂടി പരിശോധിച്ചു ഉറപ്പുവരുത്തി. ടിക്കറ്റ് എവിടെ ഹാജരാക്കി പണം ലഭ്യമാകും എന്ന് വ്യക്തതയില്ലാത്തതിനാൽ നൂറുൽ ഇസ്‌ലാം സുഹൃത്തുക്കൾക്കൊപ്പം നേരെ എത്തിയത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ. പൊലീസ് ഇൻസ്പെക്ടറോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവിടെ ഇരിക്കാനും ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു. 

അതിഥി തൊഴിലാളിയായ പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിലെ ഗോലോബാടി ഗ്രാമത്തിലെ നൂർ ഹസൻ സേട്ടിന്റെ മകൻ നൂറുൽ ഇസ്‌ലാം ഷെയ്ഖി(36)നാണ് കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. കൂത്തുപറമ്പിൽ ബസ് സ്റ്റാൻഡിന് എതിർവശത്തെ ഭാഗ്യധാര ലോട്ടറി സ്റ്റാളിൽ നിന്നാണ് ഇദ്ദേഹം എൻഡി 589399 നമ്പർ ലോട്ടറി എടുത്തത്.  ഏതാനും വർഷമായി കേരളത്തിലെത്തിയ ഇയാൾ കൂത്തുപറമ്പിലും പരിസരങ്ങളിലും കൂലിപ്പണിയെടുക്കുകയാണ്. നരവൂരിലെ ഹാസിം ക്വാർട്ടേഴ്സിലാണ് മറ്റ് തൊഴിലാളികളോടൊപ്പം താമസിക്കുന്നത്.

  ടിക്കറ്റ് പരിശോധിച്ചപ്പോൾ രണ്ടാം സമ്മാനമായി 12 സീരീസിലും 10 ലക്ഷം രൂപ വീതം സമ്മാനം ഉള്ളതിൽ എൻഡി സീരീസ് ടിക്കറ്റാണ് നൂറുൽ ഇസ്‌ലാമിന്റെ കയ്യിൽ ഉള്ളത്. കൂടെയുള്ള 2 സുഹൃത്തുക്കളോടൊപ്പം ഇന്നലെ കാലത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരായി ടിക്കറ്റ് ഹാജരാക്കി പണം ലഭിക്കാൻ ആവശ്യമായ സഹായം അഭ്യർഥിക്കുകയായിരുന്നു.

കൂത്തുപറമ്പ് പൊലീസ് കേരള ബാങ്ക് കൂത്തുപറമ്പ് സായാഹ്ന ശാഖയിലെ ജീവനക്കാരുമായി ബന്ധപ്പെട്ടു. 2 പേർ പൊലീസ് സ്റ്റേഷനിൽ എത്തി ടിക്കറ്റ് ഏറ്റുവാങ്ങി. നൂറുൽ ഇസ്‌ലാമിനെയും കൂട്ടി ബാങ്കിലെത്തി പുതിയ അക്കൗണ്ട് തുറക്കുകയും പണം ലഭിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com