പെരുന്താറ്റിൽ ഗോപാലൻ സ്മൃതിസംഗമം സംഘടിപ്പിച്ചു
Mail This Article
തലശ്ശേരി∙ ഹാസ്യാനുകരണ കലയിൽ തന്റെ ഗുരുവായിരുന്ന പെരുന്താറ്റിൽ ഗോപാലന് അഞ്ജലി അർപ്പിക്കാൻ നടൻ വിനീത് എത്തി. പെരുന്താറ്റിൽ ഗോപാലന്റെ ഒന്നാം ചരമവാർഷികത്തിൽ ശിഷ്യന്മാരും നാട്ടുകാരും പെരുന്താറ്റിൽ സംഘടിപ്പിച്ച സ്മൃതി സംഗമം വിനീത് ഉദ്ഘാടനം ചെയ്തു. അതുല്യ പ്രതിഭയായിരുന്നു പെരുന്താറ്റിൽ ഗോപാലനെന്നും അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കലാസപര്യ നടത്താനായതിൽ അഭിമാനമുണ്ടെന്നും വിനീത് പറഞ്ഞു. പ്രഫ. ദാസൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു.
പെരുന്താറ്റിൽ ഗോപാലൻ സ്മാരക കലാരത്ന അവാർഡ് (10001 രൂപ) എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാടിന് വിനീത് സമ്മാനിച്ചു. നാടക നടനും സംവിധായകനുമായ രാജേന്ദ്രൻ തായാട്ട്, ശാർങ്ധരൻ കൂത്തുപറമ്പ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. എ.യതീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. അനിൽ തിരുവങ്ങാട്, ടി.പി.ശ്രീധരൻ, സി.പി.സുരേന്ദ്രൻ, കെ.സുശാന്ത്, വി.സുധാകരൻ, കെ.മനോഹരൻ, മോഹനൻ മാനന്തേരി, ദേവൻ പെരുന്താറ്റിൽ, രാജേഷ് തന്ത്രി, പി.പ്രീത, ചന്ദ്രമോഹൻ പാലത്തായി എന്നിവർ പ്രസംഗിച്ചു.