കിടക്കകൾ കൂട്ടും; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയത്തിന് ശുപാർശ
Mail This Article
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിലെ പഴക്കം ചെന്ന ബ്ലോക്ക് പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച സാങ്കേതിക സമിതി നിർദേശം. ആശുപത്രി സന്ദർശിച്ച ചെയർമാൻ കെ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പഴയ കെട്ടിടത്തിന്റെ ദുരവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കി. 1958 നിർമിച്ച, മുൻപ് പ്രസവ വാർഡ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൊളിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം കൂട്ടാൻ ഉദ്ദേശിച്ച് നാലോ അഞ്ചോ നിലകളിലായി കൂടുതൽ വാർഡുകളും സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
നിലവിൽ 616 കിടക്കകളാണ് ആശുപത്രിക്ക് അനുവദിച്ച കിടക്കകളുടെ എണ്ണം. എന്നാൽ മുന്നൂറോളം കിടക്കകൾ മാത്രമേ നിലവിലെ കെട്ടിട സൗകര്യം ഉപയോഗിച്ച് ലഭിക്കുന്നുള്ളൂ. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് പൂർണ സജ്ജമായാലും 616 കിടക്കകൾ ലഭ്യമാവില്ല. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. മാസ്റ്റർ പ്ലാൻ അനുസരിച്ച് 63 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്കാണ് കിഫ്ബി വഴി പണം അനുവദിച്ചിരുന്നത്. ഇതിൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ പ്രവൃത്തികൾ 93 ശതമാനം പൂർത്തിയായി.
മലിനജല ശുചീകരണ പ്ലാന്റിന്റെ നിർമാണം കൂടി പൂർത്തിയാവുന്നതോടെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് പൂർണമായും പ്രവർത്തനസജ്ജമാകും. ഇതിന് ആറു മാസം സമയമെടുക്കും. മാസ്റ്റർ പ്ലാൻ പ്രകാരം നിശ്ചയിച്ചിരുന്ന പ്രവൃത്തികളിൽ ഒപി ബ്ലോക്ക് നവീകരണം കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ അന്ന് അനുവദിച്ച തുകയിൽ 17 കോടി രൂപയോളം മെച്ചമുണ്ടാകും. ഈ തുക ഉൾപ്പെടെ വിനിയോഗിച്ചായിരിക്കും പുതിയ കെട്ടിടം നിർമിക്കുക.
ട്രാൻസ്ജെൻഡർമാർക്കായി പ്രത്യേക വാർഡും പുതിയ കെട്ടിടത്തിൽ ഒരുക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.കെ.രത്നകുമാരി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പ്രീത, ഡപ്യൂട്ടി സൂപ്രണ്ട് ഡോ, വി.ലേഖ, കിഫ്ബി പദ്ധതിയുടെ എസ്പിവി ആയ ബിഎസ്എൻഎലിന്റെ എക്സിക്യൂട്ടീവ് എൻജിനീയർ വി.ശ്രീരാമകൃഷ്ണൻ, പി ആൻഡ് സി കൺസ്ട്രക്‌ഷൻസ് സൈറ്റ് മാനേജർ ദ്വാരക് ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.