റിപ്പർ ചന്ദ്രന്റെ വധശിക്ഷയ്ക്ക് ഉപയോഗിച്ച വടം കാണാം; ചരിത്രത്തിലേക്ക് മിഴി തുറന്ന് ജയിൽ മ്യൂസിയം പ്രദർശനം
Mail This Article
കണ്ണൂർ∙ ഇരുണ്ട സെല്ലുകളിലേക്കും അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തിലേക്കുമുള്ള യാത്രയൊരുക്കി ജയിൽ മ്യൂസിയം പ്രദർശനം. 1920 മുതലുള്ള രേഖകളിലാണ് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങളുള്ളത്. ബ്രിട്ടിഷ് ഭരണകൂടം സ്വാതന്ത്ര്യ സമര, കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളെ അടിച്ചമർത്താനായി ഉപയോഗിച്ച കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലുകളും പ്രദർശനത്തിന്റെ ഭാഗമായി പൊതുജനത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. പ്രദർശനം നാളെ സമാപിക്കും.
1869ൽ സ്ഥാപിക്കപ്പെട്ട ഈ ജയിൽ പകർച്ചവ്യാധി കാലത്ത് ക്വാറന്റീൻ സെല്ലുകളായിരുന്നു. തടവുകാരെ ഇവിടെ പാർപ്പിച്ചതിനു ശേഷമാണു പ്രധാന ജയിലിലേക്കു മാറ്റുന്നത്. .തടവുകാർക്കു കിടക്കാൻ ഒരടി പൊക്കത്തിൽ കല്ലുകൊണ്ടു കെട്ടിയ ‘കട്ട’ എന്നറിയപ്പെടുന്ന ജയിൽ കട്ടിലുമുണ്ട്. പ്രാഥമികാവശ്യങ്ങൾക്കായി അവർ ഉപയോഗിച്ചിരുന്നതാകട്ടെ ചെറിയ പാത്രങ്ങളും. കർഷക കലാപങ്ങളിൽ പങ്കെടുത്തവരെയുൾപ്പെടെ കുത്തിനിറച്ചു പാർപ്പിക്കാൻ മുകളിലത്തെ നില ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്.
രേഖകൾ 1920 മുതൽ
ഈ സെല്ലുകൾ തടവുകാർക്കായി ഉപയോഗിക്കാതായതോടെ രേഖകൾ സൂക്ഷിക്കാനുള്ള ഇടമാക്കി. 1920 മുതലുള്ള രേഖകളാണ് ഇവിടെ നിന്നു കണ്ടെത്തിയിട്ടുള്ളത്. രേഖകൾ ചിലതു പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടവുകാർ വരച്ച ചിത്രങ്ങൾ, കരകൗശല വസ്തുക്കൾ, വധശിക്ഷ നടപ്പാക്കുന്നതിന്റെ മാതൃക, അവസാന വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ച കയർ എന്നിവയ്ക്കു പുറമേ,
പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്പെഷൽ സെക്രട്ടറിക്ക് എഴുതിയ കത്തും സി.അച്യുതമേനോൻ, എസ്.കെ.പൊറ്റേക്കാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയിൽ രേഖകളും പ്രദർശനത്തിലുണ്ട്. ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതു രേഖപ്പെടുത്തിയ പേജും പ്രദർശനത്തിലുണ്ട്.
English Summary: Kannur Central jail Museum exhibition