തലശ്ശേരി കോടതി സമുച്ചയം പൂർത്തീകരണത്തിലേക്ക്
Mail This Article
തലശ്ശേരി ∙ നിയോജക മണ്ഡലത്തിൽ ജില്ലാ കോടതി കോംപ്ലക്സിന് എട്ടു നിലകളിലുള്ള കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി വരുന്നു. 95 ശതമാനം ജോലികളും പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്നുള്ള 68 കോടി രൂപ ഉപയോഗിച്ചാണ് ഇവിടെ കോടതി സമുച്ചയം പണിതിട്ടുള്ളത്. പൈതൃക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാക്കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടു കോടതിയും ഒഴിച്ചുള്ള 10 കോടതികൾ പുതിയ കോടതി സമുച്ചയത്തിലേക്ക് മാറും. വിശാലമായ ലൈബ്രറി, അഭിഭാഷകർക്കുള്ള വിശ്രമമുറി, റിക്രിയേഷൻ ക്ലബ്, വനിതാ അഭിഭാഷകർക്ക് പ്രത്യേകം സൗകര്യം പോസ്റ്റ് ഓഫിസ്, ബാങ്ക്, കന്റീൻ,
കുടുംബ കോടതികളിൽ എത്തുന്ന കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ജുഡീഷ്യൽ ഓഫിസർമാർക്കുള്ള ലൈബ്രറി കം ഓഡിറ്റോറിയം, കക്ഷികൾക്കും സാക്ഷികൾക്കും വിശ്രമിക്കാനുള്ള മുറികൾ, കോടതിയിൽ എത്തുന്ന അമ്മമാർക്ക് മുലയൂട്ടാനുള്ള മുറികൾ ഉൾപ്പെടെയുള്ള സൗകര്യം പുതിയ കോടതി സമുച്ചയത്തിലുണ്ടാവും. മൂന്നു വർഷം മുൻപ് ആരംഭിച്ച കെട്ടിട നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.