‘ബ്ലാക്ക്മാൻ’ റിട്ടേൺസ്; ചുമരെഴുത്തുമായി അജ്ഞാതൻ വീണ്ടും രംഗത്ത്
Mail This Article
ചെറുപുഴ∙ ഇടവേളയ്ക്കു ശേഷം ബ്ലാക്ക്മാൻ എന്ന അജ്ഞാതൻ ചുമരെഴുത്തുമായി വീണ്ടും രംഗത്തിറങ്ങി. പ്രാപ്പൊയിൽ ഈസ്റ്റിലെ കൂലോത്തുംപൊയിലെ കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ ഭിത്തിയിലാണു അജ്ഞാതൻ ചുമരെഴുത്തു നടത്തിയത്.
ബ്ലാക്ക്മാൻ എന്നു കരി കൊണ്ടു 3 പ്രാവശ്യം ഭിത്തിയിൽ എഴുതുകയും മനുഷ്യന്റെ കാരിക്കേച്ചർ വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ എഴുതിയതിൽ നിന്നു വ്യത്യസ്തമായി ബ്ലാക്ക്മാൻ എന്നതിന്റെ അവസാന അക്ഷരമായ "ൻ" ഇത്തവണ പാമ്പിന്റെ രൂപത്തിലാണു എഴുതിയിരിക്കുന്നത്.
പൊലീസും നാട്ടുകാരും ചേർന്നു ജാഗ്രതാസമിതി രൂപീകരിച്ചു രാത്രി നിരീക്ഷണം ശക്തമാക്കിയതോടെ കുറച്ചു ദിവസമായി അജ്ഞാതന്റെ ശല്യം ഇല്ലായിരുന്നു.ജൂലായ് 21ന് ആണു മലയോര മേഖലയിൽ അജ്ഞാതന്റെ വിളയാട്ടം ആരംഭിച്ചത്. ആദ്യം വീടുകളിലെ വാതിലുകളിലും ജനലുകളിലും ശക്തിയായി തട്ടി ശബ്ദം ഉണ്ടാക്കുകയും തുണികൾ മടക്കി വയ്ക്കുകയും ബൾബുകൾ ഊരി മാറ്റിവയ്ക്കുകയുമാണു ചെയ്തുവന്നിരുന്നത്.
എന്നാൽ പിന്നീട് വീടുകളുടെ ഭിത്തികളിലും മതിലുകളിലും കരി, ചെളി എന്നിവ കൊണ്ടു എഴുതാൻ തുടങ്ങി. കരി കൊണ്ടു ഭിത്തിയിൽ എഴുതുന്നത് ഒരു വീട്ടിലെ സിസിടിവിയിൽ കുടുങ്ങിയെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല.
English Summary: 'Blackman' Returns; Anonymous is back with graffiti