ഇരുട്ടിലൊളിച്ച് ബ്ലാക്ക്മാൻ; പിടിക്കാനുറച്ച് നാട്ടുകാർ
Mail This Article
ചെറുപുഴ∙ സിസിടിവിയിൽ കുടുങ്ങിയ ബ്ലാക്ക്മാൻ എന്ന അജ്ഞാതനെ ഇത്തവണയും തിരിച്ചറിയാനായില്ല.ചങ്ങാതിമുക്കിലെ കല്ലംമാക്കൽ സുധയുടെ വീട്ടിലെ സിസിടിവിയിൽ കുരുങ്ങിയ ബ്ലാക്ക്മാനെയാണു തിരിച്ചറിയാൻ സാധിക്കാതെ പോയത്. ബ്ലാക്ക്മാൻ വീടുകളുടെ ഭിത്തിയിൽ ചുവരെഴുത്തു നടത്തുന്ന ദൃശ്യം ചങ്ങാതിമുക്കിലെ കല്ലംമാക്കൽ സുധയുടെ വീട്ടിലെ സിസിടിവിയിലാണു ആദ്യം കുടുങ്ങിയത്. ഇതോടെ അജ്ഞാതനെ പിടികൂടാനാകുമെന്ന വിശ്വാസത്തിലായിരുന്നു പൊലീസും നാട്ടുകാരും. എന്നാൽ തുണി കൊണ്ടു മുഖമടക്കം മറച്ച അജ്ഞാതനെ അന്ന് ആർക്കും തിരിച്ചറിയാനായില്ല.
സംശയം തോന്നിയ ചിലരെ രഹസ്യമായി നിരീക്ഷിച്ചുവെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. തുടർന്നു പൊലീസും ജാഗ്രതസമിതിയും ചേർന്നു രാത്രിക്കാല നിരീക്ഷണം ശക്തമാക്കി. ഇതോടെയാണു അജ്ഞാതൻ ഉൾവലിഞ്ഞത്. തുടർന്നു 16 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണു അജ്ഞാതൻ കഴിഞ്ഞ ശനിയാഴ്ച വീണ്ടും രംഗപ്രവേശനം നടത്തിയത്. ഇത്തവണ കോക്കടവ്, ചങ്ങാതിമുക്ക്, പെരുന്തടം, വണിയംകുന്ന് ഭാഗങ്ങളിലെ വീടുകളിലാണു ബ്ലാക്ക്മാൻ കരി കൊണ്ടു ചുവരെഴുത്ത് നടത്തി മടങ്ങിയത്. ഇതിൽ ചങ്ങാതിമുക്കിലെ സുധയുടെ വീട്ടിലെ സിസിടിവിയിലാണു ബ്ലാക്ക്മാൻ രണ്ടാമതും കുടുങ്ങിയത്.