മഴ കുറഞ്ഞതോടെ പഴശ്ശി അണക്കെട്ട് ഇത്തവണ നേരത്തേ അടച്ചു
Mail This Article
മട്ടന്നൂർ ∙ സാധാരണ കാലവർഷം കഴിഞ്ഞു ഡിസംബറിലാണു ഷട്ടറടച്ചു വെള്ളം സംഭരിക്കാറുള്ളത്. ആദ്യമായാണ് ഇങ്ങനെ നേരത്തേ ഷട്ടർ അടക്കുന്നത്. അണക്കെട്ടിലേക്കു ചേരുന്ന പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ വേണ്ടത്ര വെള്ളം സംഭരിക്കാനാകുമോ എന്ന ആശങ്ക കാരണമാണു ഷട്ടറുകളടച്ച് പരമാവധി ജലനിരപ്പ് വരെ വെള്ളം സംഭരിക്കുന്നത്. ജില്ലയിലെ പ്രധാന ശുദ്ധജലസ്രോതസ്സായ പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞാൽ ശുദ്ധജല പദ്ധതികളുടെ പമ്പിങ് പ്രതിസന്ധിയിലാകും.
8 നഗരസഭകളിലും 36 പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കുന്നത് പഴശ്ശി പദ്ധതിയിൽ നിന്നാണ്. ദിവസേന 300 ദശലക്ഷം ലീറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്.അണക്കെട്ടിൽ 18 മീറ്ററെങ്കിലും ജലനിരപ്പ് ഉണ്ടെങ്കിൽ മാത്രമേ ശുദ്ധജല പദ്ധതികൾക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യാൻ കഴിയുകയുള്ളൂ. 26.52 മീറ്ററാണ് പരമാവധി ജല നിരപ്പ്. ഇന്നലെ 25.06 മീറ്റർ വരെ ജലനിരപ്പ് ഉയർന്നു.