ADVERTISEMENT

മണത്തണ ∙ ചപ്പാരം എന്ന് അറിയപ്പെടുന്ന സപ്തമാതൃപുരം ക്ഷേത്രത്തിലെ പുലർകാല പൂജകൾ ദർശിക്കാനാകുംവിധമാണ് പി.പി.മുകുന്ദന്റെ മണത്തണയിലെ തറവാട് വീട്. സപ്തമാതൃക്കളെ സ്മരിച്ചാണ് പി.പി.മുകുന്ദന്റെ പ്രഭാതങ്ങൾ തുടങ്ങിയത്. ആർഎസ്എസ്, ബിജെപി പ്രവർത്തനങ്ങൾക്കായി നാലു പതിറ്റാണ്ടിലേറെ നാടുവിട്ടുനിന്ന ശേഷം ബിജെപി നേതൃത്വത്തോടു പിണങ്ങി സ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വന്തം ഗ്രാമമായ മണത്തണയിലേക്കു തിരികെ പോന്നു. 

ഒൻപതു വർഷത്തോളം നിശ്ശബ്ദമായി രാഷ്ട്രീയ ജീവിതം നയിക്കാമെന്ന് തെളിയിച്ച ശേഷം അദ്ദേഹം ബിജെപിയിലേക്ക് തിരികെ ചെന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളും പാർട്ടിയിലെ പടലപിണക്കങ്ങളും പ്രവർത്തനത്തിന് വീണ്ടും തിരിച്ചടിയായി. അപ്പോഴും പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾക്ക് ശ്രമിച്ചു. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും രാഷ്ട്രീയ അക്രമങ്ങൾ തടയുന്നതിനും ഫലപ്രദമായി ഇടപെടാൻ മറ്റ് പാർട്ടികളിലെ നേതാക്കളുമായുള്ള ബന്ധങ്ങൾ സഹായിച്ചു.

അമ്മയുടെ തറവാട് ക്ഷേത്രമായ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രം നവീകരിക്കുന്നതിന് നേതൃത്വം നൽകി. ഏകാന്തതയിൽ സ്വച്ഛമായി ധ്യാനിക്കുന്നതിന് താൽപര്യം ഉള്ളവർക്കായി ഭൂഗർഭ മെഡിറ്റേഷൻ‍ സെന്ററും ഈ ക്ഷേത്രത്തോട് ചേർന്ന് നിർമിച്ചു. ഗായകൻ കെ.ജെ.യേശുദാസാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സാംസ്കാരിക സദസ്സുകളും കലാ സദസ്സുകൾ ഒരുക്കുന്നതിലും പ്രത്യേക താൽപര്യം കാണിച്ച അദ്ദേഹം ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരെ മണത്തണയിൽ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചു.

ബിജെപി നേതൃത്വവുമായി ഇടഞ്ഞത് വോട്ടുകച്ചവട ആരോപണത്തിൽ
കണ്ണൂർ ∙ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ അതിശക്തനായിരുന്ന കാലത്താണ് എസ്എംഎസിലൂടെ പി.പി.മുകുന്ദനെ മാറ്റി ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറിയാക്കുന്നത്. പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ്.ശ്രീധരൻ പിള്ളയുമായി അകന്നു തുടങ്ങിയത് എറണാകുളം തിരഞ്ഞെടുപ്പു മുതലാണ്. 2003ൽ നടന്ന തിരുവല്ല ഉപതിരഞ്ഞെടുപ്പിലും പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. തുടർന്ന് ഒരു മാസത്തോളം പാർട്ടി ആസ്ഥാനത്തുപോലും പോകാതായതോടെ ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ രൂക്ഷ വിമർമശനമുയർന്നു.

അദ്ദേഹത്തെ മാറ്റണമെന്ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ.രാജഗോപാലടക്കമുള്ളവർ യോഗത്തിൽ ആവശ്യമുന്നയിച്ചു.  എതിർപ്പ് രൂക്ഷമായതോടെ 2004 ഓഗസ്റ്റിൽ  കേരളം, തമിഴ്‌നാട്,പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവയുൾപ്പെട്ട ബിജെപിയുടെ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു.  ഇത്, പി.പി.മുകുന്ദനെ ഒതുക്കിയതു തന്നെയായിരുന്നു.എന്നിട്ടും 3 വർഷത്തോളം അദ്ദേഹം തൽസ്ഥാനത്തു തുടർന്നു.

2005ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സി.കെ.പത്മനാഭന് വൻതോതിൽ വോട്ട് കുറഞ്ഞത് നേതൃത്വം സംഘടിതമായി വോട്ട് വിറ്റതുകൊണ്ടാണെന്ന ആരോപണം ബിജെപിക്കുള്ളിൽ നിന്നു തന്നെയാണ് ഉയർന്നത്. മുതിർന്ന നേതാവായ ഒ.രാജഗോപാൽ തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ഇതോടെയാണ് ബിജെപി നേതൃത്വത്തോട് പൂർണമായും അകന്ന് രാഷ്ട്രീയ വനവാസത്തിലേക്കു മുകുന്ദൻ നീങ്ങിയത്. 

ഹൈസ്കൂൾ മുതൽ ആർഎസ്എസിൽ
കണ്ണൂർ∙ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് ആർഎസ്എസിൽ ആകൃഷ്ടനാകുന്നത്. 1966ൽ വിസ്താരക് എന്ന നിലയിൽ കണ്ണൂരിൽ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി. 1967ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായും 1972 മുതൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക്, പ്രാന്തീയ സമ്പർക്ക പ്രമുഖ്, സഹ പ്രാന്തപ്രചാരക് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മണത്തണ കുളങ്ങരേത്ത് ക്ഷേത്രം രക്ഷാധികാരിയാണ്. ഡോ.കേശവ ബലറാം ഹെഗ്ഡേവാർ ജന്മശതാബ്ദി ചാരിറ്റബിൾ ട്രസ്റ്റ് അംഗം, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറി എന്ന നിലകളിലും പ്രവർത്തിച്ചു.

അനുശോചിച്ചു 
∙ സ്നേഹത്തിന്റെ നിറകുടമാണ് പി.പി.മുകുന്ദന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു. എല്ലാവരുമായും ഹൃദയബന്ധങ്ങൾ കാത്തു‌സൂക്ഷിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നെന്നും ഹരിദാസ് പറഞ്ഞു.
∙ നിലപാടുകളിൽ വെള്ളം ചേർക്കാത്ത നേതാവായിരുന്നു മുകുന്ദനെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ അനുശോചിച്ചു. മികച്ച സംഘാടകനായിരുന്ന നല്ല ഒരു പൊതു പ്രവർത്തകനെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായതെന്ന് ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗവും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.ദിവാകരൻ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com