ദേശീയപാതാ നിർമാണത്തിന്റെ മറവിൽ ഭൂമി കയ്യേറ്റം; അധികൃതർ ഒത്താശ ചെയ്യുന്നെന്നും പരാതി
Mail This Article
ചാല∙ ദേശീയപാത വികസനം നടക്കുന്ന ചാലയിൽ പഴയ ബൈപാസിന് അരികിലും ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങൾക്ക് സമീപത്തും പൊതുസ്ഥലം കയ്യേറുന്നതായി പരാതികൾ വ്യാപകം. പൊതു സ്ഥലം കയ്യേറുന്നത് വ്യാപകമാകാൻ കാരണം അധികൃതരുടെ ഒത്താശയാണെന്നും ആരോപണമുണ്ട്. പഴയ താഴെചൊവ്വ–ചാല–നടാൽ ബൈപാസ് നിർമിക്കുമ്പോൾ ഒഴിഞ്ഞു പോകേണ്ടിവരുന്ന വ്യാപാരികളെയും മറ്റും പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ ഏറ്റെടുത്ത സ്ഥലമാണ് ഇന്നത്തെ ചാല ബൈപാസ് ജംക്‌ഷന്റെയും ചാല തോടിന്റെയും മധ്യത്തിലുള്ള സ്ഥലം. പുനരധിവാസം നടന്നില്ലെന്നു മാത്രമല്ല കാടുപിടിച്ച് കിടന്ന ഈ സ്ഥലത്ത് ഇപ്പോൾ കെട്ടിടങ്ങൾ പൊളിച്ചതടക്കമുള്ള അവശിഷ്ടങ്ങൾ തള്ളുകയാണെന്നാണു പരാതി. മാലിന്യം തള്ളലും ഉണ്ട്.
ഇവിടെ പൊതുമേഖലയുടെ കീഴിൽ പെട്രോൾ പമ്പും വിശ്രമ കേന്ദ്രവും അടക്കമുള്ള പദ്ധതി ആലോചിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ഈ സ്ഥലം അടക്കം ബൈപാസ് ജംക്‌ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ കയ്യേറ്റം ഏറെയാണെന്ന പരാതികളുണ്ടെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ദേശീയപാത വികസനം നടക്കുന്നതിന് സമീപത്തും ദൂരപരിധി പാലിക്കാതെയും ഡ്രെയ്നേജ് സംവിധാനങ്ങളെ കാര്യക്ഷമമല്ലാതാക്കുന്ന തരത്തിലും സ്ഥലം കയ്യേറ്റങ്ങൾ നടക്കുന്നുണ്ടെന്ന പരാതികളുണ്ടെങ്കിലും അധികൃതർ നിസംഗതയിലാണെന്നു നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാത നിർമാണം പൂർത്തിയായാൽ ചാല വയലിൽ വെള്ളക്കെട്ട് ഉണ്ടാകുമെന്നും പരിഹരിക്കാനുള്ള ഡ്രെയ്നേജ് വേണമെന്നും നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടിരുന്നു.
ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഡ്രെയ്നേജ് നിർമിക്കാനാവില്ലെന്നും സ്വകാര്യ വ്യക്തികളിൽ നിന്ന് വീണ്ടും സ്ഥലം ഏറ്റെടുത്ത് തന്നാൽ ഡ്രെയ്നേജ് നിർമിക്കാമെന്നുമാണു അധികൃതർ മറുപടി പറഞ്ഞിരുന്നത്. തുടർന്ന് നാട്ടുകാർ വീണ്ടും വിട്ടുകൊടുത്ത സ്ഥലത്താണ് ഡ്രെയ്നേജ് നിർമിച്ചത്. ഇത്തരത്തിൽ നാടിന്റെ പൊതുവായ പ്രശ്നത്തിനു പോലും സ്ഥലം ഉപയോഗിക്കാത്ത അധികൃതരാണ് കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ദേശീയപാത വികസനത്തിനു വേണ്ടി ചാല അമ്പലം സ്റ്റോപ്പിന് സമീപത്ത് നിന്ന് പൊളിച്ച് മാറ്റിയ വായനശാലയ്ക്ക് വേണ്ടി ചാല സ്റ്റേഷൻ സ്റ്റോപ്പിന് സമീപം പുതിയ കെട്ടിടം നിർമിക്കാൻ ഭാരവാഹികൾ സ്ഥലം വാങ്ങിയെങ്കിലും ദേശീയപാതയുമായി ബന്ധപ്പെട്ട ദൂരപരിധിയുടെ അടിസ്ഥാനത്തിൽ നിർമാണത്തിനുള്ള അനുമതി ബന്ധപ്പെട്ട അധികൃതർ നൽകിയിട്ടില്ല. വായനശാല, ലൈബ്രറികൾ പോലുള്ള ജനോപകാരപ്രദമായ പദ്ധതികൾക്ക് പോലും നിയമം കർശനമാക്കുമ്പോൾ പൊതു സ്ഥലം കൈയറുന്നവർക്കെതിരെ അധികൃതർ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.
English Summary: Land encroachment under the guise of national highway construction; Complaint that the authorities are conniving