ബോട്ടുണ്ട്, ജീവനക്കാരുണ്ട്; കടലിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സഹായമാകാതെ രക്ഷാബോട്ടുകൾ
Mail This Article
അഴീക്കോട് ∙ കടലിൽ അപകടങ്ങളുണ്ടാകുമ്പോൾ അഴീക്കലിലെ രക്ഷാ ബോട്ടുകൾ നോക്കുകുത്തിയാകുന്നതായി ആക്ഷേപം. മറൈൻ എൻഫോഴ്സ്മെന്റിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞദിവസം കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായപ്പോൾ ഉൾപ്പെടെ ഇവ രക്ഷക്കെത്തിയില്ല.
പുതിയങ്ങാടിയിൽ നിന്നും പരമ്പരാഗത വള്ളക്കാരാണ് രക്ഷാപ്രവർത്തനത്തന് എത്തിയത്. ഇന്ധനമില്ലെന്നും ബോട്ടിനു സാങ്കേതിക തകരാറുണ്ടെന്നുമായിരുന്നു സഹായം അഭ്യർഥിച്ചവർക്കു ലഭിച്ച മറുപടി. എന്നാൽ, രക്ഷാബോട്ട് വലിയ ബോട്ട് ആയതിനാൽ ഓടിയെത്താൻ വൈകുമെന്നതിനാലാണ് ചെറിയ മത്സ്യബന്ധന ബോട്ടിന്റെ സഹായം തേടാൻ നിർദേശിച്ചതെന്ന് അധികൃതർ പിന്നീട് വിശദീകരിച്ചു.
ചില അവസരങ്ങളിൽ രക്ഷാബോട്ട് പുറപ്പെടുന്നത് അപകടവിവരം അറിഞ്ഞ് ഏറെ നേരം കഴിഞ്ഞാണെന്നും ആരോപണമുണ്ട്. വേണ്ടത്ര ജീവനക്കാരും മുങ്ങൽ വിദഗ്ധരും ഉണ്ടെങ്കിലും ഇന്ധനം ദൗർലഭ്യം ഉൾപ്പെടെയുള്ള കാരണങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ പ്രയോജനകരമല്ലാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം.
പിഴ മുഖ്യം
രക്ഷാപ്രവർത്തനത്തിന് പലപ്പോഴും എത്താറില്ലെങ്കിലും അധികൃതർ കടൽ പട്രോളിങ് മുടക്കാറില്ല. പട്രോളിങ്ങിനിടെ കരവല ഉൾപ്പെടെ നിസ്സാര കാരണങ്ങളിൽ ഉയർന്ന പിഴ ഈടാക്കുക പതിവാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു കാരണം അഴീക്കലിൽ നിന്നു ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതിന് മടിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local