കാട്ടാമ്പള്ളി പാലം ശോചനീയാവസ്ഥയിൽ വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന് നാട്ടുകാർ
Mail This Article
കാട്ടാമ്പള്ളി ∙ കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായ കാട്ടാമ്പള്ളി പാലത്തിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നതിന് എതിരെ നിയമനടപടി വേണമെന്ന് നാട്ടുകാർ. ഭാരം കയറ്റിയ ടിപ്പർ ലോറികളും ബസുകളുമാണ് പാലത്തിലൂടെ അമിതവേഗത്തിൽ കടന്നു പോകുന്നത്. കണ്ണാടിപറമ്പ്, നാറാത്ത്, കമ്പിൽ, കൊളച്ചേരി, മയ്യിൽ, ശ്രീകണ്ഠാപുരം, കുറ്റ്യാട്ടൂർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളെ ജില്ലയുടെ ഭരണസിരാകേന്ദ്രമായ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലത്തിനു എഴുപതിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്.
കടലിനോടു ചേർന്ന പ്രദേശമായതിനാൽ ഉപ്പുവെള്ളം തടഞ്ഞ് നിർത്തി ശുദ്ധജലം ഒഴുക്കി വിടുന്നതിനു പാലത്തിന്റെ ഒരു ഭാഗത്ത് ഷട്ടർ ആണ്. മറുഭാഗത്ത് കൈവരികളും. നിർമാണത്തിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തത് കാരണം അടിഭാഗവുംഷട്ടറും കൈവരികളും തുരുമ്പെടുത്ത് നാശോന്മുഖമായി. വർഷങ്ങൾക്കു മുൻപേ കൈവരികൾ പൂർണമായും തകർന്ന് പുഴയിലേക്ക് പതിച്ചു.
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് ബന്ധപ്പെട്ട അധികൃതരെത്തി പാലം പരിശോധിക്കുകയും ശോചനീയാവസ്ഥ നേരിട്ടു ബോധ്യപ്പെടുകയും ചെയ്തതാണ്. അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്നും പാലത്തിലൂടെയുള്ള മത്സരയോട്ടവും അമിത വേഗവും ഒഴിവാക്കണമെന്നും നിർദേശിച്ചിരുന്നു.