ADVERTISEMENT

കല്യാശ്ശേരി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമശാലയിൽ മേൽപാലം നിർമിക്കുമ്പോൾ മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി–കണ്ണപുരം റോഡിലേക്കുള്ള പ്രവേശനം തടസ്സപ്പെടും. റോഡിലേക്ക് പ്രവേശനം സാധ്യമാക്കാൻ മേൽപാലത്തിന്റെ നീളം കൂട്ടുകയോ, പ്രത്യേക അടിപ്പാത നിർമിക്കുകയോ വേണമെന്ന ആവശ്യം ശക്തമാണ്. യൂണിവേഴ്സിറ്റി റോഡിനു മുന്നിൽ മേൽപാലം നിർമാണത്തിന്റെ ഭാഗമായി വൻമതിൽ പോലെ മണ്ണിട്ടുയർത്തിയിരിക്കുന്നു.  ഇതോടെ കണ്ണപുരത്തേക്കുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയില്ലാതായി. തളിപ്പറമ്പ്, പറശ്ശിനിക്കടവ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ യൂണിവേഴ്സിറ്റി റോഡിലേക്ക് കടക്കാൻ ഏറെ ദൂരം ചുറ്റിവരണം. 

ദേശീയപാത നിർമാണം പൂർത്തിയായാൽ ഈ ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് പ്രവേശനം പൂർണമായും തടസ്സപ്പെടും. സർവീസ് റോഡ് വഴി ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് മാത്രമേ കടന്നുപോകാനാകൂ.ധർമശാല ജംക്‌ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ നീളം കൂട്ടുകയോ, കണ്ണപുരം റോഡിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് അടിപ്പാതയോ വേണമെന്ന ആവശ്യം ഉന്നയിച്ചു എം.വി.ഗോവിന്ദൻ എംഎൽഎ ദേശീയപാത അധികൃതർക്ക് കത്തുനൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചു ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കണ്ണപുരത്തേക്കുള്ള ബസുകളടക്കം ഇപ്പോൾ മാങ്ങാട്ടുപറമ്പ് കെഎസ്ഇബി സബ്സ്റ്റേഷൻ വരെ പോയി തിരിച്ചുവരേണ്ടി വരുന്നതായും പരാതി ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com