എൻഎച്ച് പ്രോജക്ട് ഓഫിസിനു മുൻപിൽ വ്യാപാരികളുടെ കുത്തിയിരിപ്പ് സമരം
Mail This Article
കണ്ണൂർ∙ദേശീയപാത വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ടവരുടെ മുഴുവൻ അപേക്ഷയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി താണയിലെ എൻഎച്ച് പ്രോജക്ട് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ആനുകൂല്യം വിതരണം ചെയ്യുക, വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുക, ആനുകൂല്യത്തിൽ കാലാനുസൃത വർധന വരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കുത്തിയിരിപ്പ് സമരം കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എ.ഹമീദ് ഹാജി, കെ.പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, ആക്‌ഷൻ കമ്മിറ്റി കൺവീനർ കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.കെ.സഹദേവൻ, കെ.വി.ഉണ്ണിക്കൃഷ്ണൻ, കെ.എം.അബ്ദുൽ ലത്തീഫ്, കെ.പി.പ്രമോദ്, ഇ.സജീവൻ, ജയശ്രീ കണ്ണൻ, ടി.സി. വിൽസൺ, സി.മനോഹരൻ എന്നിവർ പ്രസംഗിച്ചു.