ADVERTISEMENT

കണ്ണൂർ ∙  കന്റോൺമെന്റുകളെ സൈനിക താവളങ്ങളാക്കി മാറ്റാനും ഈ മേഖലയിലെ സാധാരണക്കാരെ കന്റോൺമെന്റ് ബോർഡിനു പകരം തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിനു കീഴിൽ ഉൾപ്പെടുത്താനുമുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ സംയുക്ത പരിശോധന തുടങ്ങി. കന്റോൺമെന്റ് മേഖലയിൽ സാധാരണക്കാർ അധിവസിക്കുന്ന മേഖലകൾ കോർപറേഷൻ പരിധിയിലേക്കാണ് ഉൾപ്പെടുത്തുക.

ഇതു സംബന്ധിച്ചു പഠിക്കാൻ പ്രതിരോധ മന്ത്രാലയ (ലാൻഡ്സ് ആൻഡ് വർക്സ്) ജോയിന്റ് സെക്രട്ടറി ചെയർമാനായി നേരത്തേ കമ്മിറ്റി രൂപീകരിച്ചിരുന്നു.  സംസ്ഥാന സർക്കാരിന്റെ പ്രതിനിധി, കന്റോൺമെന്റ് ബോർഡ് സിഇഒ, പ്രസിഡന്റ് ഉൾപ്പെടെയുള്ള ആറ് അംഗങ്ങളായിരുന്നു കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. 

ബോർഡ് പരിധിയിലെ ഭൂമി സംബന്ധിച്ച വിവരങ്ങൾ, ആസ്തി, ബാധ്യതകൾ, ബോർഡ് ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ലയനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ്– കോർപറേഷൻ– മിലിറ്ററി –ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത പരിശോധന നടത്തുന്നത്. പരിശോധന ഇന്നും തുടരും. 

കോർപറേഷൻ സെക്രട്ടറി, സ്ഥിരസമിതി അധ്യക്ഷൻ സിയാദ് തങ്ങൾ, കൗൺസിലർ സാബിറ, തഹസിൽദാറുടെ പ്രതിനിധിയായി കണ്ണൂർ വില്ലേജ് ഓഫിസർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ളത്.  മേഖലയിലെ റോഡുകളുടെയും സ്ഥലങ്ങളുടെയും അതിർത്തി നിർണയമാണ് നടത്തുന്നത്. 

സർവേയുടെ കരട് കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് കൈമാറും. പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം സാധാരണക്കാർക്ക് ഗുണകരമാകുമെന്നാണു പ്രതീക്ഷ.

പണം അനുവദിച്ചാലും റോഡ് വേണ്ട!

നിലവിൽ ജനാധിപത്യ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയിലാണ് കന്റോൺമെന്റ് പ്രദേശത്തെ ജനജീവിതം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും ഗുണഫലം ഇവർക്കു ലഭിക്കുന്നില്ല. കെട്ടിട നിർമാണത്തിനുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം പുതിയ വീട് നിർമിക്കാനോ നിലവിലുള്ളവ അറ്റകുറ്റപ്പണി നടത്താനോ പോലും സാധിക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു. നിലവിലെ കെട്ടിടങ്ങൾക്ക് 30 ശതമാനം വരെ നികുതി വർധിപ്പിച്ചതും ജനത്തിനു ദുരിതമായി.

കന്റോൺമെന്റ് പരിധിക്കകത്ത് സാധാരണ ജനങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള റോഡ് ടാർ ചെയ്യാനും വികസിപ്പിക്കാനും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഫണ്ടിൽ നിന്നു തുക അനുവദിക്കാമെന്ന് അറിയിച്ചിട്ടും കന്റോൺമെന്റ് അനുമതി നൽകിയിരുന്നില്ല.

ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ ഭൂരിഭാഗവും താമസിക്കുന്നത് കണ്ണൂർ കന്റോൺമെന്റിലും ചുറ്റുമുള്ള തില്ലേരി, നമ്പർ 3 ബസാർ, ക്യാംപ് ബസാർ എന്നിവിടങ്ങളിലുമാണ്. 

12 അംഗങ്ങളാണ് കന്റോൺമെന്റ് ബോർഡിലുള്ളത്. സേനയിലുള്ള 5 പേരും തിരഞ്ഞെടുക്കപ്പെടുന്ന 6 പേരും കലക്ടറുടെ പ്രതിനിധിയും ഉൾപ്പെടെയാണിത്. 

കണ്ണൂർ എംപിയും കണ്ണൂർ എംഎൽഎയും പ്രത്യേക ക്ഷണിതാക്കളാണെങ്കിലും ഇവർ‌ക്ക് വോട്ടവകാശമില്ല.

കേരളത്തിലെ ഏക കന്റോൺമെന്റ്

ചരിത്രം:പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടിഷുകാരുടെയും സൈനിക ക്യാംപായിരുന്നു തന്ത്രപ്രധാനമായ ഈ പടിഞ്ഞാറൻ തീരമേഖല. 1938 ജനുവരി 1നു ബ്രിട്ടിഷുകാരാണ് കണ്ണൂർ കന്റോൺമെന്റ് (സൈനിക ഭരണ പ്രദേശം) രൂപീകരിച്ചത്. 1909 വരെ ഇത് അറക്കൽ രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, കണ്ണൂർ കന്റോൺമെന്റ് ഇന്ത്യൻ ആർമിയുടെ നിയന്ത്രണത്തിലായി. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ ആസ്ഥാനമായാണ് പിന്നീട് പ്രവർത്തിച്ചത്. 

ജനസംഖ്യ: 4,798 

1867 സാധാരണക്കാർ

2931 സൈനികർ

65%  പുരുഷന്മാർ 

35% സ്ത്രീകൾ

സാക്ഷരതാ നിരക്ക്  

89%

2011ലെ സെൻസസ് പ്രകാരം

English Summary:

Defense Ministry Orders Conversion of Kannur Cantonments: What it Means for the Common People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com