മനോരമയുടെ മുറ്റത്ത് അക്ഷരപ്പൂക്കൾ: മലയാള മനോരമ അങ്കണത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
Mail This Article
കണ്ണൂർ∙ അക്ഷരമുറ്റത്തേക്കു പിച്ചവച്ചു കുരുന്നുകളെത്തി. കണ്ണിലെ കൗതുകം ഹരിശ്രീകുറിച്ച് ഹൃദയത്തിലേക്കെത്തി. പുസ്തകത്താളിലെ അക്ഷരങ്ങൾക്കൊപ്പം ചിന്തയും ഭാവനയും സമാസമം ചേരുമ്പോൾ ഈ ലോകത്തെ നയിക്കാൻ അവർ വളരും. പൂവും പൂമ്പാറ്റയും പുഴയും പുസ്തകവും കഥയും ശാസ്ത്രവും അവർ രുചിച്ചറിയും. സാഹിത്യലോകത്തിനു മികവുറ്റ സംഭാവനകൾ നൽകിയ അതുല്യരായ ഗുരുക്കന്മാരിൽ നിന്നാണ് കുട്ടികൾ ആദ്യാക്ഷരം കുറിച്ചത്. കഥാകൃത്ത് ടി.പത്മനാഭൻ, കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ, കഥാകൃത്തും നോവലിസ്റ്റുമായ സി.വി.ബാലകൃഷ്ണൻ എന്നിവർ ചേർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരത്തിന്റെ അമൃത് പകർന്നു.
ഇന്നലെ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭം തലമുറകളുടെ കൂടി സംഗമമായി. ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകൾക്കൊപ്പം മാതാപിതാക്കൾ മാത്രമല്ല, അപ്പൂപ്പനും അമ്മൂമ്മയും ഒപ്പമെത്തി. എല്ലാവരും ചേർന്ന്, വിജയാശംസകൾ നേർന്ന് കുഞ്ഞുങ്ങളെ ഗുരുക്കന്മാരുടെ അടുത്തേക്കു പറഞ്ഞയച്ചു. ദക്ഷിണ നൽകി, ഗുരുവിനോടു ചേർന്നിരുന്നു ചൂണ്ടുവിരൽകൊണ്ടു കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചപ്പോൾ ചിലരുടെ കണ്ണുനിറഞ്ഞു.
ഇത് ഓർമകളുടെ സംഗമവേദി. ഫോട്ടോ എടുക്കാൻ തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോഴും തങ്ങളുടെ കുഞ്ഞു ഫോണിൽ അവർ കുഞ്ഞു കുഞ്ഞുചിത്രങ്ങൾ പകർത്തി. സ്മാർട് ഫോൺ ഇല്ലെങ്കിലെന്താ? ക്യാമറയുള്ള ചെറിയ ഫോൺ മതി ഈ നിമിഷങ്ങളെല്ലാം അവർക്ക് ഒപ്പിയെടുക്കാൻ.ബലൂണും പായസവും കുട്ടിബാഗും കളിക്കുടുക്കയും അക്ഷരമാലയുമെല്ലാം ആഘോഷത്തിനു മാറ്റുകൂട്ടി. ചിലർ പുതിയ കൂട്ടുകാരെ കണ്ടെത്തി. ചില കുട്ടിക്കുസൃതികൾ മുണ്ടുടുക്കുന്ന തിരക്കിലായിരുന്നു. രാവിലെ എഴുന്നേൽക്കേണ്ടി വന്നതിന്റെ ചെറിയ ചിണുങ്ങലുമായി എത്തിയവർക്ക് ബലൂൺ കണ്ടപ്പോൾ ഉത്സാഹമായി. പിന്നെ, ബലൂണുകൾ കൊണ്ടു വേദിയ്ക്കരികിലൂടെ ഓട്ടം. ബാഗ് തോളിലിട്ട്, ‘ഇനി നേരെ സ്കൂളിലേക്കു പോകാം’ എന്നു പറഞ്ഞ മിടുക്കിയും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ആദ്യാക്ഷരംകുറിച്ച നേരം എല്ലാം മറന്ന് അവർ ഗുരുവിന്റെ മുഖത്തേക്കും അരി നിറച്ച താലത്തിലേക്കും നോക്കി. ചൂണ്ടുവിരൽകൊണ്ടെഴുതിയ അക്ഷരങ്ങൾ കണ്ടപ്പോൾ കുഞ്ഞുമുഖങ്ങളിലും പുഞ്ചിരി നിറഞ്ഞു. നന്മയുടെ പാഠങ്ങൾ വാക്കിലും പ്രവൃത്തിയിലും വിളങ്ങിനിൽക്കട്ടെ എന്ന് ആശംസിച്ച ഗുരുക്കന്മാരെ നോക്കി അവർ ചിരിച്ചു. ഇനി അറിവിന്റെ നല്ല നാളുകൾ.
മനോരമയുടെ മുറ്റത്ത് കുടുംബസമേതം
കുഞ്ഞ് അനിയന്മാർക്കും അനിയത്തിമാർക്കും കൂട്ടായി എത്തിയ മൂത്ത സഹോദരങ്ങളിൽ പലരും കഴിഞ്ഞ വർഷങ്ങളിൽ മലയാള മനോരമയുടെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തിയവർ. ചെറുകുന്ന് നിന്നുള്ള ആൻവിയയ്ക്കൊപ്പമെത്തിയ സഹോദരൻ ആൻവിനും പയ്യന്നൂരിൽ നിന്നുള്ള അഗ്നിക കല്യാണിക്കൊപ്പം എത്തിയ അനുക്തയും കാട്ടാമ്പള്ളിയിൽ നിന്നുള്ള റിഷ്വിൻ കൃഷ്ണയ്ക്കൊപ്പമെത്തിയ ഇഷാന പ്രവീണും കണ്ണൂരിൽ നിന്നുള്ള അക്ഷരയ്ക്കൊപ്പമെത്തിയ തന്മയയും കൂത്തുപറമ്പിൽ നിന്നുള്ള ശ്രീയുക്തിന് ഒപ്പമെത്തിയ ശ്രീവേദും ഇരിണാവിൽ നിന്നുള്ള കൽഹാരയ്ക്കൊപ്പമെത്തിയ ശ്രീയാനും വാരത്തു നിന്നുള്ള അലംകൃതയ്ക്കൊപ്പമുള്ള അമർനാഥും മുൻവർഷങ്ങളിൽ മലയാള മനോരമയുടെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചവരാണ്.
ചേട്ടൻമാരുടെ വഴിയേ...
എലൈന ആദ്യാക്ഷരം കുറിക്കാനെത്തിയപ്പോൾ ഒരേയൊരു നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു സി.വി.ബാലകൃഷ്ണനാകണം. ചേട്ടന്മാർക്കു രണ്ടുപേർക്കുംഅദ്ദേഹമായിരുന്നു ഗുരു. അമ്മ മായയ്ക്കും അമ്മൂമ്മ ത്രേസ്യാമ്മയ്ക്കുമൊപ്പമാണ് എലൈന എത്തിയത്. പായിക്കാത്ത് വീട്ടിൽ ജോബി ജോസഫാണു പിതാവ്.
മലയാളത്തോട് ചേർന്ന് കന്നഡ
ഇരട്ടകളല്ലാത്ത സഹോദരങ്ങളും ആദ്യാക്ഷരം കുറിക്കാനെത്തിയിരുന്നു. തയ്യിൽ ഗോകുലം വീട്ടിൽ അദ്വിക്കും അൻവിക്കുമാണു മാതാപിതാക്കളായ മേഘയ്ക്കും സജേഷിനുമൊപ്പം ഹരിശ്രീ കുറിക്കാനെത്തിയത്. പ്രണയമാണ് പ്രേമയെയും മൈസൂർ സ്വദേശി രമേശിനെയും കൂട്ടിമുട്ടിച്ചത്. അങ്ങനെ രമേശ് മലയാളം പഠിച്ചു. മൂത്ത മകൻ ആർ.അദ്വിക്കിന് വിദ്യാരംഭം കുറിക്കാൻ അവർ തങ്ങളെ ഒരുമിപ്പിച്ച മലയാളത്തെ തിരഞ്ഞെടുത്തു. ഒപ്പം മൂന്നുവയസ്സുള്ള അൻവിക്കും കൂടി. അലവൂർ ചേലേരി വീട്ടിൽ രമേശ് പയ്യാമ്പലം ബീച്ചിൽ കട നടത്തുകയാണ്. മൂന്നു വർഷം മുൻപാണ് കണ്ണൂരിലെത്തിയത്.
ദാ, ഇരട്ടസന്തോഷം
നീല ഷർട്ടണിഞ്ഞ്, കസവുമുണ്ടുടുത്ത് ആരുഷും ആയുഷും ഗുരുവിനരികിൽ നിന്നു. ഇരട്ടകളെ കണ്ട ഗുരുവിന്റെ മുഖത്തും പുഞ്ചിരി. എടക്കാട് രഖിലനിവാസിൽ ആരുഷ് വിപേഷിനും ആയുഷ് വിപേഷിനും മൂന്നു വയസ്സാണു പ്രായം. അമ്മ രഖിലയ്ക്കും അപ്പൂപ്പൻ രതീശനും അമ്മൂമ്മ ലളിതയ്ക്കുമൊപ്പമാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്.
അക്ഷരപുണ്യമായി വിജയദശമി
കണ്ണൂർ∙ ദേവിയുടെ നവഭാവങ്ങളെ 9 രാത്രിയും പകലുമായി ഉപാസിച്ച നവരാത്രി ആഘോഷങ്ങൾ ഇന്നലെ വിജയദശമി ആഘോഷങ്ങളോടെ സമാപിച്ചു. വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിലും സ്കൂളുകളിലും കലാപഠന കേന്ദ്രങ്ങളിലും കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. ജില്ലയിലെ ഭഗവതി ക്ഷേത്രങ്ങളിലാണു കുട്ടികളെ എഴുത്തിനിരുത്താൻ ഏറെ തിരക്ക് അനുഭവപ്പെട്ടത്. കണ്ണൂർ പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരീ ക്ഷേത്രം, ഇരിക്കൂർ മാമാമിക്കുന്ന് മഹാദേവി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭത്തിനു വൻതിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രങ്ങളിൽ പൂജയ്ക്കുവച്ച ഗ്രന്ഥങ്ങളെടുക്കാൻ കുട്ടികളടക്കമുള്ള ഭക്തജനങ്ങൾ എത്തിയതോടെ ഇന്നലെ രാവിലെ 7 മുതൽ തന്നെ ക്ഷേത്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.
മഹാനവമി ദിവസം സരസ്വതീ പൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവയും ക്ഷേത്രങ്ങളിൽ നടന്നു. ചില സാംസ്കാരിക കേന്ദ്രങ്ങളിലും വാഹന പൂജ നടത്തി. നവരാത്രി ആരംഭം മുതൽ ക്ഷേത്രങ്ങളിൽ നവരാത്രി വിളക്ക്, അരങ്ങേറ്റങ്ങൾ സംഗീതപരിപാടികൾ, നൃത്തപരിപാടികൾ, വിശേഷാൽ ദീപാരാധന നാമാർച്ചന, ഭജന, ആധ്യാത്മിക പ്രഭാഷണം, തായമ്പക തുടങ്ങിയവ ഉണ്ടായി.
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, മുനീശ്വരൻ കോവിൽ, താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ, തെക്കിബസാർ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം, കിഴുത്തള്ളി കാഞ്ചികാമ്മാക്ഷിയമ്മൽ കോവിൽ, ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ ദർശന സഹോദര ആശ്രമം, ആയിക്കര കിലാശി മുത്തുമാരിയമ്മൻ കോവിൽ, നാറാത്ത് കൈവല്യാശ്രമം, ഇരിവേരി കോവിൽ, മുഴപ്പാല മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കടമ്പൂര് കുഞ്ഞിക്കാട്ടിൽ യോഗീശ്വര ഗുരുസ്ഥാനം, കക്കാട് ശിർഡി സായിബാബ മന്ദിരം, കൂടാളി യോഗിനിമാത കാനിച്ചേരി ആശ്രമം, ചൊവ്വ ശിവക്ഷേത്രം, പനോന്നേരി ശിവക്ഷേത്രം എന്നിവിടങ്ങളിലും കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രംകാമാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലും നവരാത്രി ആഘോഷങ്ങൾ നടന്നു.
ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ചന്ദ്രൻ മൂസത്, ഉണ്ണിക്കൃഷ്ണൻ മൂസത്, തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വി.കെ.സുരേഷ് ശാന്തി, മക്രേരി അമ്പലത്തിൽ കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി, ഏച്ചൂർ കനകച്ചേരികാവിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും, ചാല ഭഗവതി ക്ഷേത്രത്തിൽ കോറോത്ത് മരങ്ങാട്ടില്ലത്ത് മാധവൻ നമ്പൂതിരി, തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി മരുതംപാടി ശിവദാസ് തായ്യർ, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ വിനു ശാന്തി, ശശി ശാന്തി, ലജീഷ് ശാന്തി, ശെൽവൻ ശാന്തി എന്നിവർ വിദ്യാരംഭത്തിനു നേതൃത്വം നൽകി.
മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി അശോക അഡിഗ, പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിൽ മേൽശാന്തി ചന്ദ്രമന ഇല്ലത്ത് ദേവീദാസ് നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, അരങ്ങം മഹാദേവ ക്ഷേത്രത്തിൽ അജിത്ത് വർമ, പി.രോഹിണി, തൃച്ചംബര ശ്രീകൃഷ്ണ ദുർഗ ക്ഷേത്രത്തിൽ കെ.സി.ടി.പി.കൃഷ്ണൻ നമ്പൂതിരി, മുഴപ്പാല മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുപാദ ഭട്ട് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.