ഇരുട്ടിൽ തപ്പിത്തടയണം; കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്താൻ
Mail This Article
കണ്ണൂർ∙ ജില്ലാ ആസ്ഥാനത്തെ ഗവ.ആശുപത്രിയിൽ എത്തിപ്പെടണമെങ്കിൽ കൂരിരുട്ടിൽ തപ്പിത്തടയണം. അഗ്നിരക്ഷാ സേന ഓഫിസിനു സമീപംമുതൽ ആശുപത്രി വരെയുള്ള റോഡിൽ രാത്രി വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. ആളുകൾ അടുത്തെത്തിയാൽ പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള കൂരിരിട്ടാണ്. റോഡരികിൽ ആശുപത്രി വരെ എല്ലാ വൈദ്യുത തൂണുകളിലും വിളക്കുകൾ ഉണ്ടെങ്കിലും ഒന്നും കത്തുന്നില്ല.
പ്രഭാത് ജംക്‌ഷൻ കഴിഞ്ഞാൽ ആശുപത്രി പരിസരംവരെ റോഡരികിൽ വ്യാപാര സ്ഥാപനങ്ങളോ മറ്റു കെട്ടിടങ്ങളോ ഇല്ല. റോഡരിക് കാടു കയറിയ അവസ്ഥയായതിനാൽ നടക്കാനും പറ്റില്ല. രാത്രി ഏറെ അപകടങ്ങൾ നടക്കുന്ന റോഡാണ് പ്രഭാത് ജംക്‌ഷൻ മുതൽ ആശുപത്രി വരെയുള്ള ഭാഗം. ഇരുട്ട് മുതലെടുത്ത് മാലിന്യം തള്ളലും പതിവാണ്.രാത്രിയായാൽ തെരുവുനായ്ക്കളും കുറുക്കന്മാരും റോഡരികിൽ പതിവാണ്. നഗരത്തിൽ അലഞ്ഞു നടക്കുന്ന പോത്തുകളും പശുക്കളും വേറെ. ഇവയെ ഇരുട്ടിൽ കാണാൻ കഴിയാത്തതും ഭീഷണിയാണ്.
നഗരത്തിൽ മിക്ക സ്ഥങ്ങളിലും വേണ്ടതിൽ കൂടുതൽ തെരുവുവിളക്കുകൾ ഉള്ളപ്പോഴാണ് പകലും രാത്രിയും ഒരു പോലെ ജനം ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലേക്ക് നഗരത്തിൽനിന്ന് പോകാനുള്ള പ്രധാന വഴിയിൽ ജനം തപ്പി തടയുന്നത്. ഇക്കാര്യത്തിൽ കോർപറേഷനും ജില്ലാ പഞ്ചായത്തും കാണിക്കുന്ന നിസ്സംഗത വെടിയണമെന്നാണ് ജനത്തിന്റെ ആവശ്യം.