കണ്ണൂർ ജില്ലാ ആശുപത്രിയിലെ കസേര തകർന്നു വീണ് യുവതിക്കു പരുക്ക്
Mail This Article
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ കസേര തകർന്നു വീണു യുവതിക്കു പരുക്കേറ്റു. പഴയ ബ്ലോക്കിലെ ഫാർമസി കൗണ്ടറിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. അഴീക്കോട് സ്വദേശിനി ജസീലയ്ക്കാണു പരുക്കേറ്റത്. ഒപി വിഭാഗത്തിൽ ഡോക്ടറെ കണ്ട ശേഷം മരുന്നു വാങ്ങാനായി ഭർത്താവിനൊപ്പം കസേരയിൽ കാത്തിരിക്കുമ്പോഴാണ് ഇരുമ്പു പൈപ്പിൽ സ്ഥാപിച്ച കസേര പൈപ്പ് സഹിതം തകർന്നു വീണത്.
കാൽമുട്ടിനും കൈക്കും വേദന അനുഭവപ്പെട്ട ജസീല വിശ്രമത്തിനു ശേഷം വീട്ടിലേക്കു മടങ്ങി. ഇവർക്കൊപ്പം തൊട്ടരികിലെ കസേരയിലിരുന്ന ഭർത്താവ് കെ.വി.റസാഖും താഴെ വീണിരുന്നു. കാലപ്പഴക്കമാണു തകർച്ചയ്ക്ക് ഇടയാക്കിയത്. ഇരുമ്പു പൈപ്പിൽ സ്ഥാപിച്ച 3 കസേരകളിൽ ഒന്നാണു തകർന്നു വീണത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ മാറ്റി സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.