യാത്രയായത് സിവിൽ സർവീസ് അച്ചടക്കം മരണംവരെ പാലിച്ചയാൾ
Mail This Article
കണ്ണൂർ ∙ മുൻ കേന്ദ്ര വിജിലൻസ് കമ്മിഷണർ ടി.യു.വിജയശേഖരൻ യാത്രയായതു സിവിൽ സർവീസിന്റെ അച്ചടക്കം മരണംവരെ പാലിച്ച്. ഉയർന്ന തസ്തികയിൽ ജോലി ചെയ്ത, ഈ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തന്റെ 91–ാം വയസിലാണു കഴിഞ്ഞദിവസം അന്തരിച്ചത്. 1955ൽ ഒഡീഷ കേഡറിൽ സിവിൽ സർവീസ് തുടങ്ങിയ അദ്ദേഹം 1990 മുതൽ 95 വരെയാണു കേന്ദ്ര വിജിലൻസ് കമ്മിഷണറായിരുന്നത്. ഒഡിഷ കളഹന്ദിൽ കലക്ടർ, പ്രതിരോധവിഭാഗം ജോയിന്റ് സെക്രട്ടറി, കൽക്കരി, ഭക്ഷ്യവകുപ്പുകളിൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വി.പി.സിങ്, എസ്.ചന്ദ്രശേഖർ, പി.വി.നരസിംഹ റാവു എന്നീ പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ടി.ശേഖരനു ചെന്നൈയിലായിരുന്നു ജോലിയെന്നതിനാൽ, ചെന്നൈ ലയോള കോളജിലായിരുന്നു വിജയശേഖരന്റെ പഠനം. കോളജിൽ നിന്ന് ഓണേഴ്സ് ബിരുദം നേടി. ആദ്യപരീക്ഷയിൽ തന്നെ സിവിൽ സർവീസ് പാസാവുകയും ചെയ്തു. വിരമിച്ച ശേഷം, പയ്യാമ്പലത്തെ ‘കെനിൽവർത്ത്’ വീട്ടിലായിരുന്നു വിശ്രമജീവിതം. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ പ്രശസ്തനായിരുന്നു വിജയശേഖരനെന്നു സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
നാട്ടുകാരോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. പിതാവ് ശേഖരൻ കോഴിക്കോട് സ്വദേശിയാണ്. അമ്മ ഉപ്പോട്ട് ശ്രീദേവി വഴിയാണ് അദ്ദേഹത്തിന്റെ കണ്ണൂർ ബന്ധം. കണ്ണൂരിലെ ആദ്യകാല ഡോക്ടറായിരുന്ന കുമാരന്റെ മകളാണു വിജയശേഖരന്റെ ഭാര്യ പ്രേംകുമാരി. മൃതദേഹം ഇന്നലെ പയ്യാമ്പലത്തു സംസ്കരിച്ചു. കലക്ടർ അരുൺ കെ.വിജയൻ പുഷ്പചക്രമർപ്പിച്ചു. ഭരണ, പൊതുരംഗത്തെ പ്രമുഖരും ആദരാഞ്ജലിയർപ്പിച്ചു.