ഷൂട്ടർമാർ നായ്ക്കളുമായെത്തി; ചെറുപുഴയിൽ കാട്ടുപന്നി വേട്ട
Mail This Article
ചെറുപുഴ∙ മലയോര മേഖലയിൽ കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള നടപടികൾക്ക് തുടക്കമായി. വനംവകുപ്പിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണു കാട്ടുപന്നികളെ വേട്ടയാടി പിടിക്കുന്ന നടപടി ആരംഭിച്ചത്. ഇന്നലെ രാവിലെ പാറോത്തുംനീർ, നാരോത്തുംകുണ്ട്, മേലുത്താന്നി ഭാഗങ്ങളിലാണു പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 35 അംഗ എം പാനൽ ഷൂട്ടർമാർ വേട്ട നായ്ക്കളുടെ സഹായത്തോടെ കാട്ടിൽ നായാട്ട് നടത്തിയത്.
ഇവർക്കു സഹായവുമായി പ്രദേശത്തെ യുവാക്കളും കർഷകരും ഒപ്പമുണ്ടായിരുന്നു. 2000 മൂട് കപ്പ നശിപ്പിച്ച പാറോത്തുംനീരിലെ അരീക്കൽ ബിനിഷ്കുമാറിന്റെ കൃഷിയിടത്തിലും പരിസരങ്ങളിലുമാണു കാട്ടുപന്നി വേട്ട ആരംഭിച്ചത്. ഇന്നലെ രാവിലെ ആരംഭിച്ച വേട്ട വൈകിട്ടാണ് അവസാനിച്ചത്. 2 പന്നികളെ മാത്രമാണു കണ്ടെത്തിയത്.
എന്നാൽ ഇവയെ വെടിവയ്ക്കാനായില്ല. നായാട്ട് നടത്താൻ പാറോത്തുനീരിൽ എത്തിയ എം പാനൽ ഷൂട്ടർമാർക്ക് നാട്ടുകാർ സ്വീകരണം നൽകി. പഞ്ചായത്ത് അംഗം സന്തോഷ് ഇളയിടത്ത് ഉദ്ഘാടനം ചെയ്തു. പി.വി.വിജയൻ അധ്യക്ഷത വഹിച്ചു. ആർ.കെ.പത്മനാഭൻ, സെബാസ്റ്റ്യൻ നെല്ലിക്കൽ, എം പാനൽ ഷൂട്ടർ പി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ പഞ്ചായത്തിലെ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയ്ക്കു പുറമേ മയിലിന്റെ ശല്യവും രൂക്ഷമാണ്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, പച്ചക്കറി തുടങ്ങിയ കൃഷികളാണു കാട്ടുമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും കാട്ടുപന്നി വേട്ട നടക്കും. ഇതോടെ മലയോര മേഖലയിലെ കാട്ടുപന്നികളുടെ ശല്യം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകുമെന്നാണു കർഷകർ കരുതുന്നത്.